കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ ചരൽ കയറ്റുമതി ചെയ്യുന്നതിന് ഫുജൈറ നാച്വറൽ റിസോഴ്സസ് കോർപറേഷനുമായി ധാരണ.ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ഈദ് അൽ റാഷിദും ഫുജൈറ കോർപറേഷൻ ഡയറക്ടർ അലി ഖാസിമുമാണ് ധാരണപത്രം ഒപ്പുവെച്ചത്.റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുവായ ചരൽ ഉൽപാദനം, കൈമാറ്റം എന്നിവയിൽ വൈദഗ്ധ്യം പങ്കുവെക്കാൻ കരാർ ഇരുപക്ഷത്തെയും സഹായിക്കുമെന്ന് ഈദ് അൽ റാഷിദി പറഞ്ഞു.
ഈ സുപ്രധാന രേഖയിൽ ഒപ്പുവെച്ചതിന് കുവൈത്ത് സർക്കാറിനും ഫുജൈറ എമിറേറ്റ്സ് ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു.പൊതുമരാമത്ത് മന്ത്രാലയം, ഫുജൈറ നാച്വറൽ റിസോഴ്സ് കോർപറേഷൻ, ദുബൈയിലെ കുവൈത്ത് ജനറൽ കോൺസൽ ഉദ്യോഗസഥരും നോർത്തേൺ എമിറേറ്റ്സ് അംബാസഡർ അലി അൽതൈദിയും ചടങ്ങിൽ പങ്കെടുത്തു.