കൊച്ചി: വിഴിഞ്ഞം- കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാദിപ്പിക്കാൻ താല്പര്യം പ്രകടിപ്പിച്ച് സംസ്ഥാന സർക്കാരിനെ സമീപിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികൾ . 72000 കോടി നിക്ഷേപം വരുന്ന നാല് പദ്ധതികളാണ് ഇതുവരെ പരിഗണനയിലുള്ളത്. 25% വരെ മൂലധന വാഗ്ദാനം ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കരടു ഹരിത ഹൈഡ്രജൻ നയത്തിൽ ആകൃഷ്ട രായാണ് കമ്പനികൾ എത്തുന്നത്. എന്നാൽ നയത്തിന് അംഗീകാരം ലഭിച്ചാലേ അപേക്ഷകളിൽ തീരുമാനമാകൂ. നിർമ്മാണ ഘട്ടത്തിൽ മുപ്പതിനായിരത്തോളവും പ്രവർത്തനഘട്ടത്തിൽ ഏഴായിരത്തോളവും തൊഴിൽ അവസരങ്ങളാണ് വാഗ്ദാനം. വിഴിഞ്ഞം- കൊച്ചി തുറമുഖങ്ങളോടു ചേർന്നാണ് പല കമ്പനികളും പ്ലാന്റ് സ്ഥാപിക്കാൻ 30 ഏക്കർ മുതൽ 300 ഏക്കർ വരെ ആവശ്യപ്പെട്ടിരിക്കുന്നത്. കിഴക്കൻ മേഖലകളിൽ നഷ്ടത്തിൽ ആയ പ്ലാന്റേഷൻ ഭൂമി ഇതിനായി പരിഗണിക്കാനാകുമോ എന്നും സർക്കാർ നോക്കുന്നുണ്ട്
ഹരിത ഹൈഡ്രജൻ
പ്രകൃതി വാതകം കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കാതെ പൂർണമായും പുനരുപയോഗ ഊർജ്ജത്തെ തന്നെ അധിഷ്ഠിതമാക്കി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഹരിത ഹൈഡ്രജനായി വിശേഷിപ്പിക്കുന്നത്. ജലകണികകളെ ഇലക്ട്രോളിസിസിലൂടെ വിഘടിപ്പിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി ഹരിത ഹൈഡ്രജന് വലിയ ആവശ്യമായിരിക്കും ഭാവിയിൽ ഉണ്ടാവുക.