ദോഹ: മാലിന്യ സംസ്കരണവും പരിസ്ഥിതി സൗഹൃദമായ ജീവിത സാഹചര്യവും ലക്ഷ്യമിട്ട ‘ഹരിത ദ്വീപ്’ പദ്ധതി പൊതുജനങ്ങൾക്കായി തുറന്നു നൽകി ഖത്തർ. രണ്ടു വർഷം മുമ്പ് തറക്കല്ലിട്ട് ആരംഭിച്ച ഖത്തർ ഫൗണ്ടേഷൻ ഗ്രീൻ ഐലൻഡ് പദ്ധതിയാണ് ഉദ്ഘാടന ദിനത്തിൽ പൊതുജനങ്ങൾക്ക് സമർപ്പിച്ചത്. എജുക്കേഷൻ സിറ്റിയിലാണ് കമ്യൂണിറ്റി കേന്ദ്രീകൃതമായ റീസൈക്ലിങ് ഹബ് സ്ഥാപിച്ചിരിക്കുന്നത്.
മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും റീസൈക്ലിങ് സംസ്കരണവും സമൂഹത്തില്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത ദ്വീപിന്റെ നിർമാണം. പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, ഇരുമ്പ്, ബാറ്ററി, കേബ്ൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ സംസ്കരിക്കുന്ന ഏഴ് യൂണിറ്റുകളുമുണ്ട്.
Also Read: ഗാസയിലേക്ക് 10 കോടി ഡോളറിന്റെ ധനസഹായവുമായി ഖത്തർ
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാരിടൈം, ലോജിസ്റ്റിക്സ് സ്ഥാപനമായ മിലാഹയുടെ 95 ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചാണ് 8000 ചതുരശ്ര മീറ്ററിലുള്ള ഗ്രീന്‍ ഐലന്‍ഡ് പൂർത്തിയാക്കിയത്. സന്ദർശകർക്കായി പ്രദർശനങ്ങളും ശിൽപശാലകളും ഇന്ററാക്ടിവ് ഡിസ്പ്ലേ സംവിധാനങ്ങളും വഴി മാലിന്യ സംസ്കരണത്തിന്റെ അത്യാധുനിക മാർഗങ്ങൾ പകർന്നുനൽകും.
ഖത്തർ എനർജി, അറബ് എൻജിനീയറിങ് ബ്യൂറോ, സീഷോർ ഗ്രൂപ്, അഗ്രികോ, അൽ അവാലിയ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് ഗ്രീൻ ഐലൻഡിന്റെ നിർമാണം പൂർത്തിയാക്കിയത്. സർക്കാർ, സ്വകാര്യ മേഖലയിൽനിന്നുള്ള പങ്കാളികളുടെ പിന്തുണയോടെ പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്കരണമെന്ന ആശയം പൊതുജനങ്ങളിലേക്ക് പകരുകയാണ് ഗ്രീൻ ഐലൻഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ഫൗണ്ടേഷൻ ചീഫ് ഓപറേറ്റിങ് ഓഫിസർ ഔസിം അലാമി പറഞ്ഞു.
Also Read: തീപിടുത്തങ്ങളുടെ എണ്ണം കൂടുന്നു; പുതിയ പരിഷ്ക്കാരങ്ങളുമായി കുവൈത്ത്
ഖത്തറിനെ സുസ്ഥിര രാജ്യമാക്കുന്നതിനുള്ള ദേശീയ പദ്ധതികളെയും സംരംഭങ്ങളെയും സന്ദർശകരെ ബോധവത്കരിക്കുവാൻ ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നിർമാണ മാലിന്യങ്ങളുടെ സംസ്കരണം, സുസ്ഥിര കൃഷി, സൗരോർജം തുടങ്ങിയ പ്രായോഗിക സുസ്ഥിര മാർഗങ്ങൾ ഗ്രീൻ ഐലൻഡിലൂടെ പരിചയപ്പെടുത്തുന്നതായി ഖത്തർ ഫൗണ്ടേഷൻ സസ്റ്റയ്നബിലിറ്റി മാനേജർ ഡോ. നവാൽ അൽ സുലൈതി പറഞ്ഞു. ഭക്ഷ്യ മാലിന്യ വെല്ലുവിളിയെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്നതിനൊപ്പം ജൈവ ഇന്ധന മേഖലയിലെ ഗവേഷണത്തിനും ഗ്രീൻ ഐലൻഡ് സാധ്യത നൽകുന്നു.