കൊച്ചി: അജൈവ-ജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങൾ ഇനി മുതൽ അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ തുക ഈടാക്കും. നിലവിലെ വരുമാനമനുസരിച്ച് ഹരിതകർമ്മസേനാംഗങ്ങൾക്ക് ഉപജീവനത്തിനുതകുന്ന വരുമാനം ലഭ്യമാക്കുന്നില്ലെന്ന സാഹചര്യത്തിലാണ് വില ഉയർത്താൻ തീരുമാനം.
ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് പ്രതിമാസം 50 രൂപ, നഗരസഭകളിൽ പ്രതിമാസം കുറഞ്ഞത് 70 രൂപ എന്ന നിരക്ക് തുടരും. സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പ്രതിമാസം 100 രൂപയായി തുടരുമെങ്കിലും ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ചും നിരക്ക് വ്യത്യാസപ്പെടുത്താൻ ഭരണസമിതിക്ക് തീരുമാനിക്കാം.
Also Read: നമ്മുടെ നേട്ടങ്ങളുടെയെല്ലാം അടിത്തറ ശാസ്ത്രമാണ്: മന്ത്രി പി പ്രസാദ്
ചാക്കിന്റെ പരമാവധി വലുപ്പം 65×80 സെ.മീ. ആകണം. ജൈവമാലിന്യം ശേഖരിക്കുന്നയിടങ്ങളിൽ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് തൂക്കത്തിന് ആനുപാതികമായി തുക ഈടാക്കാം. ഓരോ കിലോ ജൈവമാലിന്യം ശേഖരിക്കാൻ കുറഞ്ഞ തുക ഏഴു രൂപയായി നിശ്ചയിക്കും. അതേസമയം വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും.
ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. പ്രതിമാസ യൂസർ ഫീസിൽ കുടിശ്ശിക വരുത്തുന്നവരിൽനിന്ന് വസ്തുനികുതി കുടിശ്ശിക ഈടാക്കുന്നതിനു സമാനമായി ഈടാക്കാനാണ് നിർദേശം. ഓരോ മാസവും ഈടാക്കുന്ന തുക തൊട്ടടുത്ത മാസത്തെ അഞ്ചാമത്തെ പ്രവൃത്തിദിവസത്തിനുള്ളിൽ ഹരിതകർമ്മസേന കൺസോർട്യം അക്കൗണ്ടിലേക്ക് കൈമാറണം.