ശ്രീനഗർ : ശ്രീനഗറിൽ ചന്തക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം നടന്നതായി റിപ്പോർട്ട്. ശ്രീനഗറിലെ ടൂറിസം ഓഫീസിന് സമീപത്താണ് ഇന്ന് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പ്രദേശവാസികളായ 10 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്താണ് ഭീകരർ ആക്രമണം നടത്തിയത്.
ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. അതേസമയം ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഇന്നലെയും ഏറ്റുമുട്ടൽ നടന്നിരുന്നു. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേരെ സൈന്യം വധിച്ചുവെന്നാണ് റിപ്പോർട്ട്.
Also Read: തീവണ്ടിയിലുണ്ടായ പടക്ക സ്ഫോടനത്തിൽ നാലു പേർക്ക് പരുക്ക്
കാശ്മീരിലെ ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാൻയാറിലുമാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. കാശ്മീരിലെ ബദ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെയും കഴിഞ്ഞദിവസം ഭീകരർ വെടിയുതിർത്തിരുന്നു. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.