മനാമ: ബഹ്റൈനിലെ ടെലികമ്യൂണിക്കേഷൻ മേഖലക്ക് മുൻവർഷത്തെ അപേക്ഷിച്ച് വളർച്ച. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ)യുടെ 2024ലെ ആദ്യപാദ വിപണി സൂചികയനുസരിച്ച് മൊബൈൽ വരിക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. 2023 ആദ്യ പാദത്തിൽ 21,52,591 ആയിരുന്നത് 2024 ആദ്യ പാദത്തിൽ 24,49,728 ആയി ഉയർന്നു. 13.8 ശതമാനം വളർച്ചയാണുണ്ടായത്. സബ്സ്ക്രൈബർമാരുടെ എണ്ണം 136 ശതമാനത്തിൽ നിന്ന് 155 ശതമാനമായി ഉയർന്നു. പ്രീപെയ്ഡ് സബ്സ്ക്രിപ്ഷനുകൾ 2023 ഒന്നാം പാദത്തിൽ 1,447,023 ആയിരുന്നത് 2024ലെ ആദ്യപാദത്തിൽ 1,559,011 ആയി വർധിച്ചു. 7.8 ശതമാനം വർധനവാണിത്. പോസ്റ്റ്പെയ്ഡ് സബ്സ്ക്രിപ്ഷനുകളും വർധിച്ചു.
26.3 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയാണുണ്ടായത്. 2023 ആദ്യ പാദത്തിൽ 72740 സബ്സ്ക്രിപ്ഷനുകളായിരുന്നത് 2024 ആദ്യപാദത്തിൽ 890,717 ആയി. ബ്രോഡ്ബാൻഡ് മേഖലയിലും ശ്രദ്ധേയമായ പുരോഗതിയുണ്ടായി. മൊബൈൽ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകൾ 2023 ആദ്യപാദത്തിൽ 2,304,132ൽനിന്ന് 2024ലെ ഒന്നാം പാദത്തിൽ 2,375,854 ആയി ഉയർന്നു. 3.1 ശതമാനം വളർച്ച. ഇന്റർനെറ്റ് വേഗതയുടെ സൂചകമായ ഫൈബർ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകൾക്കും സ്ഥിരമായ വളർച്ചയുണ്ട്. 2023 ആദ്യപാദത്തിലെ 167,434ൽ നിന്ന് 169,709 ആയി ഉയർന്നു. മൊത്തത്തിലുള്ള ഡേറ്റ ഉപഭോഗം 10.2 ശതമാനം വർധിച്ചു.
2023 ആദ്യ പാദത്തിൽ 431 പെറ്റാബൈറ്റായിരുന്നത് 2024 ഒന്നാം പാദത്തിൽ 475 പെറ്റാബൈറ്റായി. വ്യക്തിഗതവും ബിസിനസ് ഉപയോഗത്തിനും ഡേറ്റാ സേവനങ്ങളെ കാര്യമായി ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഈ വർധന. മൊബൈൽ, ബ്രോഡ്ബാൻഡ് മേഖലകൾ അഭിവൃദ്ധി പ്രാപിച്ചപ്പോൾ, പരമ്പരാഗത ടെലിഫോൺ വിപണിയിൽ നേരിയ ഇടിവുണ്ടായി. ടെലിഫോൺ സബ്സ്ക്രിപ്ഷനുകളുടെ എണ്ണം 2023 ആദ്യപാദത്തിലെ 216,678ൽനിന്ന് 2024 ആദ്യപാദത്തിൽ 209,628 ആയി കുറഞ്ഞു. മൊബൈൽ, വയർലെസ് ആശയവിനിമയങ്ങളിലേക്കുള്ള ചുവടുമാറ്റം വർധിക്കുന്നു എന്നതിന്റെ സൂചകമാണിത്.