ഡല്‍ഹി: ഐ.എസ്.ആര്‍.ഓയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എന്‍ 2) വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12.01-ഓടെയാണ് ഫ്‌ളോറിഡയിലെ കേപ്പ് കനാവറലില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ജിസാറ്റുമായി പറന്നുയര്‍ന്നത്. 34 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേര്‍പെട്ട് ഭ്രമണപഥം തൊട്ടു. വിക്ഷേപണം വിജയകരമാണെന്ന് ഐ എസ് ആര്‍ ഒയും പ്രതികരിച്ചു.
ഐ.എസ്.ആര്‍.ഒ. നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്‌പേസ് എക്സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും.
ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.