CMDRF

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിനെ ആറ് റണ്‍സിന് തകര്‍ത്താണ് നിലവിലെ റണ്ണറപ്പുകളായ ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാനായത്. ടൈറ്റന്‍സിന് വേണ്ടി അസ്മത്തുള്ള ഒമര്‍സായി, ഉമേഷ് യാദവ്, സ്പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ ഡെവാള്‍ഡ് ബ്രെവിസിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിച്ചു. 29 പന്തില്‍ ഒരു സിക്സും ഏഴ് ബൗണ്ടറികളുമടക്കം 43 റണ്‍സെടുത്ത രോഹിത്തിനെ സായ് കിഷോര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ടീം സ്‌കോര്‍ 100 കടത്തിയായിരുന്നു മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. 46 റണ്‍സെടുത്ത ബ്രെവിസിനെ മോഹിത് ശര്‍മ്മ മടക്കിയതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി. ടിം ഡേവിഡ് (11), തിലക് വര്‍മ്മ (25), ജെറാള്‍ഡ് കോട്സി (1) എന്നിവരും പുറത്തായി.ഇതോടെ അവസാന ഓവറില്‍ മുംബൈയ്ക്ക് വിജയിക്കാന്‍ 19 റണ്‍സ് വേണമെന്നായി. ഉമേഷ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്സും രണ്ടാം പന്ത് ബൗണ്ടറിയും പറത്തി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പ്രതീക്ഷ നല്‍കി. പക്ഷേ തൊട്ടടുത്ത പന്തില്‍ പാണ്ഡ്യയെ രാഹുല്‍ തെവാത്തിയയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് ടൈറ്റന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 11 റണ്‍സെടുത്താണ് പാണ്ഡ്യ മടങ്ങിയത്. അടുത്ത പന്തില്‍ പിയുഷ് ചൗളയും (0) പുറത്തായതോടെ മുംബൈയുടെ വിജയപ്രതീക്ഷകള്‍ തീര്‍ത്തും അസ്തമിച്ചു.

169 റണ്‍സെന്ന സ്‌കോറില്‍ ടൈറ്റന്‍സിനെ എറിഞ്ഞൊതുക്കിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ (0) അസ്മത്തുള്ള ഒമര്‍സായി പുറത്താക്കി. വണ്‍ ഡൗണായി എത്തിയ നമാന്‍ ദിമര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 10 പന്തില്‍ 20 റണ്‍സെടുത്ത താരത്തെയും ഒമര്‍സായി പുറത്താക്കി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെറാള്‍ഡ് കോട്സിയുമാണ് ഗുജറാത്തിനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത്. അതേസമയം 45 റണ്‍സ് നേടിയ സായ് സുദര്‍ശന്റെ ഇന്നിങ്സാണ് ടൈറ്റന്‍സിന് അല്‍പ്പമെങ്കിലും തുണയായത്.

Top