അബുദാബി: യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ഹഫീത് റെയിലിനായുള്ള ട്രെയിൻ എൻജിനുകൾക്കായി പ്രോഗ്രസ് റെയിലുമായി കരാറായി. ഭാരം കൂടിയ ചരക്കുകൾ കടത്താൻ സഹായിക്കുന്ന എൻജിനുകൾ നിർമിക്കുന്നതിനള്ളതാണ് ഈ കരാർ. ഹഫീത് റെയിലിനായുള്ള സാമ്പത്തിക കരാറുകളിൽ ഔദ്യോഗികമായി ഒപ്പുവെച്ചതിലൂടെ ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.
സംയുക്ത നെറ്റ്വർക്ക് പ്രോജക്റ്റ് വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതിനായി മാനേജ്മെന്റ്, എൻജിനീയറിങ് കൺസൽട്ടൻസി സേവനങ്ങൾക്കായി പ്രമുഖ ഫ്രഞ്ച് എൻജിനീയറിങ്, കൺസൽട്ടിങ് കമ്പനിയായ സിസ്ട്രയുമായും കരാറിലായി. പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും ഇണങ്ങുന്ന തരത്തിലും സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് എൻജിനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
Also Read: ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാൾ പിടിയിൽ; പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു
അബുദാബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിന്റെ ഭാഗമായാണ് ഹഫീത് കമ്പനി അധികൃതർ കരാറിലെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് റെയിലിന്റ നിർമാണങ്ങൾക്ക് കരുത്ത് പകർന്ന് സാമ്പത്തിക കരാറുകളിലും അധികൃതർ ഒപ്പുവെച്ചിരുന്നു.
150 കോടി ഡോളറിന്റെ കരാറിൽ ആണ് ഹഫീത് റെയിൽ അധികൃതർ എത്തിയിരിക്കുന്നത്. പ്രാദേശിക, അന്തർദേശീയ ബാങ്കുകൾക്ക് പുറമെ ഒമാനി, ഇമാറാത്തി ബാങ്കുകളിൽ നിന്നുമാണ് ഇത്രയും ധനസഹായം. ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ആയിരുന്നു കരാർ ഒപ്പിട്ടത്.