CMDRF

‘ഹെയ്തി വംശജരെ അമേരിക്കയിൽ നിന്ന് നാടുകടത്തും’; ഡൊണാൾഡ് ട്രംപ്

ഹെയ്തി വംശജർ വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നുവെന്ന വ്യാജപ്രചാരണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം

‘ഹെയ്തി വംശജരെ അമേരിക്കയിൽ നിന്ന് നാടുകടത്തും’; ഡൊണാൾഡ് ട്രംപ്
‘ഹെയ്തി വംശജരെ അമേരിക്കയിൽ നിന്ന് നാടുകടത്തും’; ഡൊണാൾഡ് ട്രംപ്

ലോസ് എഞ്ചൽസ്: അധികാരത്തിലെത്തിയാൽ അമേരിക്കയിലുള്ള ഹെയ്തി വംശജരായ അഭയാർത്ഥികളെ നാടുകടത്തുമെന്ന് ആവർത്തിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ്. ഹെയ്തി വംശജർ വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നുവെന്ന വ്യാജപ്രചാരണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

ലോസ് എയ്‌ഞ്ചൽസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോളായിരുന്നു ട്രംപ് കടുത്ത വംശീയാധിക്ഷേപം നടത്തിയത്. നേരത്തെ കമല ഹാരിസുമായുളള സംവാദത്തിനിടെ ഓഹിയോ നഗരത്തിലുള്ള ഹെയ്തി വംശജർ പൂച്ചകളെ കൊന്നുതിന്നുന്നുവെന്ന വ്യാജപ്രചരണം ട്രംപ് ഏറ്റുപിടിച്ചിരുന്നു. ഒരുപാട് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിലും, ഓഹിയോയിലെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലും കറങ്ങിനടക്കുന്ന ഒരു വ്യാജവാർത്തയെയാണ്, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിമാരുടെ ഗൗരവമേറിയ രാഷ്ട്രീയ സംവാദം നടക്കുന്ന വേദിയിലേക്ക് ട്രംപ് വലിച്ചിട്ടത്. ഇതിന് ശേഷമാണ് ഹെയ്തി വംശജരെ നാടുകടത്തുമെന്ന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തുന്നത്. തിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായേക്കാവുന്ന കുടിയേറ്റ വിരുദ്ധത ഉണ്ടാക്കിയെടുക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് വിമർശനം. ഹെയ്തിയിൽ നിന്നുവന്ന അഭയാർത്ഥികൾ ഓഹിയോവിലെ വളർത്തുപൂച്ചകളെ കൊന്നുതിന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധവും തിരഞ്ഞെടുപ്പ് മുമ്പിൽകണ്ടുള്ള വ്യാജപ്രചാരണവുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്തായിരുന്നു ഹെയ്തി വംശജർക്കെതിരെയുള്ള വ്യാജപ്രചരണം?

ഓഹിയോ സ്പ്രിങ്‌ഫീൽഡിലെ എറിക ലീ എന്ന വ്യക്തിയാണ് ആദ്യം ഇത്തരത്തിലൊരു പ്രചാരണം തുടങ്ങിവെക്കുന്നത്. തന്റെ അയൽക്കാരുടെ വളർത്തുപൂച്ചയെ കാണാനില്ലെന്നും, ഒരുപാട് തിരഞ്ഞതിന് ശേഷം ഹെയ്തി അഭയാർത്ഥികൾ താമസിക്കുന്ന വീടിന് മുൻപിലെ മരത്തിൽ കെട്ടിത്തൂക്കിയിട്ട നിലയിൽ പൂച്ചയെ കണ്ടെത്തിയെന്നും എറിക ലീ ഫേസ്ബുക്കിൽ കുറിച്ചു. അവയെ ഭക്ഷിക്കാൻ പാകത്തിലെന്ന പോലെയാണ് കെട്ടിത്തൂക്കിയതെന്ന് കൂടി എഴുതിപ്പിടിപ്പിച്ചതോടെ, ഹെയ്തി അഭയാർത്ഥികൾ പൂച്ചകളെ കൊന്നുതിന്നുവെന്ന വ്യാജപ്രചാരണം ശക്തമായി.

വ്യാജവാർത്ത അമേരിക്കയുടെ എല്ലാ മുക്കിലും മൂലയിലും എത്തിയതോടെ കനത്ത വിദ്വേഷപ്രചാരണമാണ് അഭയാർത്ഥികൾക്കെതിരെ ഉയർന്നത്. അമേരിക്കൻ വലതുപക്ഷ ഹാൻഡിലുകൾ അടക്കം കനത്ത കുടിയേറ്റ വിരുദ്ധതയുമായി രംഗത്തെത്തിയിരുന്നു. ആഫ്രിക്കൻ വംശജർ അവരുടെ വളർത്തുമൃഗങ്ങളെ കൊന്നുതിന്നാൻ കൊണ്ടുപോകുന്നുവെന്ന തരത്തിൽ നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചു. അഭയാർത്ഥികൾ താമസിക്കുന്ന ഇടങ്ങളിൽ ബോംബ് ഭീഷണി വരെ ഉണ്ടായി. എന്നാൽ സംഭവം കൈവിട്ടുപോയെന്ന് ലീ തന്നെ പിന്നീട് ഒരു അമേരിക്കൻ മാധ്യമത്തോട് സമ്മതിക്കുന്നുമുണ്ട്. വളരെ ലാഘവത്തോടെയാണ് താൻ വിഷയത്തെ കൈകാര്യം ചെയ്തതെന്നും അത് ഈ രീതിയിലേക്ക് മാറുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ലീ തുറന്നുസമ്മതിക്കുന്നുണ്ട്.

Top