CMDRF

ഇസ്മായിൽ ഹനിയയുടെ പിൻഗാമി; ‘യഹ്യ സിൻവാർ’ ഹമാസിന്റെ പുതിയ തലവൻ

ഇസ്മായിൽ ഹനിയയുടെ പിൻഗാമി; ‘യഹ്യ സിൻവാർ’ ഹമാസിന്റെ പുതിയ തലവൻ
ഇസ്മായിൽ ഹനിയയുടെ പിൻഗാമി; ‘യഹ്യ സിൻവാർ’ ഹമാസിന്റെ പുതിയ തലവൻ

ഗാസ: ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ യഹ്യ സിൻവാറിനെ പുതിയ തലവനായി പ്രഖ്യാപിച്ച് ഹമാസ്. ഗാസയിലെ ഹമാസ് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന യഹ്യ സിൻവാർ കഴിഞ്ഞ ദിവസമാണ് പുതിയ തലവനായി തെരഞ്ഞെടുത്തത്. ‘ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസിന്റെ രക്തസാക്ഷി കമാൻഡർ ഇസ്മായിൽ ഹനിയയുടെ പിൻഗാമിയായി പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായി കമാൻഡർ യഹ്യ സിൻവാറിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നു. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ,’ പുറത്ത് വിട്ട പ്രസ്താവനയിൽ ഹമാസ് പറഞ്ഞു. യഹ്യയെ ഏകകണ്ഠമായാണ് ഹമാസ് നേതൃത്വം തെരഞ്ഞെടുത്തതെന്ന് ഹമാസ് വക്താവ് ഒസാമ ഹംദാൻ പറഞ്ഞു.

ഹമാസ് സ്ഥാപകൻ ഷെയ്ഖ് അഹമ്മദ് യാസിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിൻവാറിനെ 1980 കളുടെ അവസാനത്തിൽ ഇസ്രായേൽ നാല് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2006-ൽ അതിർത്തി കടന്നുള്ള റെയ്ഡിൽ ഹമാസ് പോരാളികൾ തട്ടിക്കൊണ്ടുപോയ ഇസ്രയേലി സൈനികൻ ഗിലാദ് ഷാലിത്തിന് പകരമായി 2011-ൽ 1,047 പലസ്തീൻ തടവുകാരോടൊപ്പം അദ്ദേഹത്തെ മോചിപ്പിച്ചു. ഹമാസിൻ്റെ സൈനിക വിഭാഗത്തിൻ്റെ മുൻ കമാൻഡറായ സിൻവാർ, ഹമാസിലെ ഒരു പ്രമുഖ നേതാവെന്ന നിലയിൽ തൻ്റെ സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 2017 ൽ അദ്ദേഹം ഗസയിലെ ഹമാസിൻ്റെ രാഷ്ട്രീയ ഓഫീസിൻ്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഖാലിദ് മെഷാൽ, ഖലീൽ അൽ-ഹയ്യ, മൂസ അബു മർസൂഖ്, മുഹമ്മദ് ദെഇഫ്, മർവാൻ ഇസ എന്നിവരായിരുന്നു ഹനിയയുടെ പകരക്കാരായി കാണപ്പെട്ട മറ്റ് ഹമാസ് നേതാക്കൾ. ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,100-ലധികം ആളുകൾ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിൻവാറിനെ ഇസ്രയേൽ കാണുന്നത്. സിൻവാർ ഇസ്രയേലിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറിയെന്നും ഗസയിലെ ഇസ്രയേലി ബന്ദികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉപേക്ഷിച്ചെന്നും പകരം സിൻവാറിനെ പിന്തുടരുന്നതിനാണ് മുൻഗണന നൽകിയതെന്നും ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Top