ഗാസ: ഇന്ന് ഖത്തറില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഹമാസ്. ചര്‍ച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്റെ പ്രഖ്യാപനം. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ 312 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനകം 40,000ലേറെ പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.
അന്താരാഷ്ട്ര കോടതികള്‍ വരെ വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വീണ്ടും കുഞ്ഞുങ്ങളെയടക്കം ഇസ്രായേല്‍ കൊന്നുതള്ളുന്നത് തുടരുന്നതിനിടെയാണ് ഹമാസിന്റെ തീരുമാനം.
വ്യാഴാഴ്ച ഖത്തര്‍ തലസ്ഥാനത്ത് പുനരാരംഭിക്കുന്ന ചര്‍ച്ചകളില്‍ ഹമാസ് പങ്കെടുക്കില്ല ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സുഹൈല്‍ ഹിന്ദി പറഞ്ഞു ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം തയാറാക്കിയ കരാര്‍ ഇസ്രായേല്‍ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ അത് പാലിക്കുകയാണെങ്കില്‍ കരാര്‍ നടപ്പാക്കാന്‍ ഹമാസും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നിവരുടെ ക്ഷണത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കെയ്‌റോയിലോ ദോഹയിലോ ചര്‍ച്ച നടത്താമെന്നായിരുന്നു തീരുമാനം. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതും വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ സ്വാധീനിച്ചിട്ടുണ്ടാകും എന്നാണ് വിലയിരുത്തല്‍. ഇതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, ഗസ്സയില്‍ വെടിനിര്‍ത്താനുള്ള കരാറില്‍ ഉടന്‍ ഒപ്പുവെക്കണമെന്ന് യു.എസില്‍ നിന്നുള്ള ജൂത പുരോഹിതന്‍മാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്നാണ് ജൂത പുരോഹിതരായ റബ്ബികളുടെ ആവശ്യം. ഹമാസിന്റെ തടവിലുള്ള 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതര്‍ക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതര്‍ അറിയിച്ചു. ഈയൊരു അവസരം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നും ജൂതപുരോഹിതസംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.