2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹ്യ സിന്‍വാര്‍ ആയിരുന്നു. യഹ്യ സിൻവാറിനെ ലക്ഷ്യമിട്ട് ഒരു വർഷത്തിലേറെയാണ് ഇസ്രയേൽ സൈന്യവും, രഹസ്യാന്വേഷണ ഏജൻസികളും തിരച്ചിൽ നടത്തിയത്. ഒടുവിൽ ഹമാസ് മേധാവി യഹ്യ സിൻവാർ തെക്കൻ ഗാസയിലെ താൽ അൽ സുൽത്താനിലെ കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇസ്രയേൽ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, 61 കാരനായ യഹ്യ സിൻവാർ ഇസ്രയേലിൽ നിന്ന് പിടികൂടിയ ബന്ദികളെ മനുഷ്യകവചമാക്കി ഗാസയിലെ ഭൂഗർഭ താവളങ്ങളിൽ ഒളിവിൽ കഴിയുകയാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. എന്നാൽ യുദ്ധമുഖത്ത് നിൽക്കുമ്പോഴാണ് സിൻവാർ രക്തസാക്ഷിയാതെന്നും, സിൻവാറിനെ ഇസ്രയേൽ കൊലപ്പെടുത്തുമ്പോൾ അദ്ദേഹം ഒളിയിടത്തിലായിരുന്നില്ല എന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്. സിൻവാറിനെ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് പറയുന്ന സംഭവസ്ഥലത്ത് ബന്ദികളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം.
പതിവ് പട്രോളിംഗ്
ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് റിപ്പോർട്ട് പ്രകാരം, തെക്കൻ ഗാസയിലെ സതേൺ കമാൻഡ് 828-ാമത് ബിസ്‌ലാമാച്ച് ബ്രിഗേഡിൽ നിന്നുള്ള സൈനികരാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രി റഫയിലെ താൽ അൽ-സുൽത്താനിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മൂന്ന് തീവ്രവാദികളെ സൈന്യം തിരിച്ചറിയുകയും, ആക്രമണം നടത്തുകയുമായിരുന്നു. പിന്നീട് കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മരിച്ചവരിലൊരാൾക്ക് സിൻവാറിന്റെ മുഖച്ഛായ ഉണ്ടെന്നു കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.
തകർത്ത കെട്ടിടത്തിന് സമീപം ഐഡിഎഫ്, ഷിൻ ബെത്ത് സേനകൾ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, സിൻവാർ ഉണ്ടെന്ന് മനസ്സിലാക്കിയല്ല കെട്ടിടം ആക്രമിച്ചതെന്നും, നിരവധി പോരാളികളെ ഒരു കെട്ടിടത്തിൽ കണ്ടപ്പോൾ വെടിവെക്കുകയായിരുന്നുവെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിൻവാർ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്ന ബന്ദികളാരും തന്നെ അവിടെ ഉണ്ടായിരുന്നുമില്ല താനും.
Also Read: 55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തി; പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുള്ള
സിൻവാറിന്റെ ഒപ്പം രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നത്, ഇത് ഒരു പക്ഷെ മറ്റു കൂട്ടാളികൾ കൊല്ലപ്പെട്ടിരിക്കാനോ, അല്ലെങ്കിൽ രഹസ്യമായി മറ്റെവിടേക്കെങ്കിലും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലായിരിക്കാം അക്രമണമുണ്ടായതെന്നുമുള്ള സൂചനയാണ് നൽകുന്നത്.
“അടിക്കുകയും പീഡിപ്പിക്കുകയും ഒളിച്ചോടുകയും ചെയ്യുന്നതിനിടയിലാണ് സിൻവാർ മരിച്ചത്, ഒരു കമാൻഡറായിട്ടല്ല, മറിച്ച് സ്വന്തം സുരക്ഷയെ മാത്രം കരുതുന്ന ഒരാളായിട്ടാണ് അദ്ദേഹം മരിച്ചത്” എന്നാണ് സിൻവാറിന്റെ മരണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പ്രതികരിച്ചത്. ഇത് ഇസ്രയേലിന്റെ എല്ലാ ശത്രുക്കൾക്കും വ്യക്തമായ സന്ദേശം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെടുന്നതിന് മുമ്പുള്ള സിൻവാറിൻ്റെ അവസാന നിമിഷങ്ങൾ ഉള്ള ഡ്രോൺ വിഡിയോ ഇസ്രയേൽ സൈന്യം പുറത്തുവിട്ടിരുന്നു.
സിൻവാറിനെ ‘പിഴുതെറിഞ്ഞു’
ഗാസയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ സൈന്യം വധിച്ച മൂന്ന് പേരിൽ ഒരാൾ ഹമാസ് നേതാവ് യഹ്യ സിൻവറായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐഡിഎഫ് വക്താവ് ആദ്യഘട്ടത്തിൽ പറഞ്ഞത്. യഹ്യ സിൻവറിന്റേത് അവകാശപ്പെടുന്ന മൃതദേഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഇസ്രയേൽ സേന പുറത്തുവിട്ടത്. യഹ്യ ഗാസയിൽ വച്ച് കൊല്ലപ്പെട്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സമയം ഒക്ടോബർ 17ന് രാത്രി പത്തോടെ മരണത്തിൽ സ്ഥിരീകരണം വരികയായിരുന്നു. പിന്നാലെ “തിന്മ” “ഒരു പ്രഹരം” നേരിട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു, എന്നാൽ ഗാസയിലെ ഇസ്രയേൽ യുദ്ധം പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുറുകുന്ന കുരുക്ക്
ഇസ്രയേൽ സൈന്യം യഹ്യ സിൻവറിന്റെ വീട് വളഞ്ഞതായി ഒക്ടോബർ 16ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ വീട്ടിൽ സിൻവർ ഉണ്ടായിരുന്നില്ല. ലക്ഷ്യമിട്ട ഓപ്പറേഷനിൽ സിൻവാർ കൊല്ലപ്പെട്ടില്ലെങ്കിലും, രഹസ്യാന്വേഷണ വിഭാഗം സിൻവറിന്റെ സാന്നിധ്യമുണ്ടെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ നിരന്തരം തിരച്ചിൽ നടത്തിയിരുന്നു. ഇസ്രയേൽ സൈന്യം സിൻവാറിനെ നീക്കങ്ങളെ തെക്കൻ നഗരമായ റഫയിലേക്ക് ചുരുക്കി, എളുപ്പത്തിൽ വലയിലാകാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഇസ്രയേൽ സൈന്യമെന്ന് സാരം.
Also Read: ഇറാനെ ആക്രമിക്കാനുള്ള ഉത്തരവിൽ ഒപ്പ് വച്ച് നെതന്യാഹു, യുദ്ധം തിരിച്ചടിക്കുമെന്ന ഭയത്തിൽ അമേരിക്ക
ഒരു വർഷത്തിലേറെയായി സിൻവാർ ഒളിവിലായിരുന്നു. മുഹമ്മദ് ഡീഫ്, ഇസ്മായിൽ ഹനിയേ തുടങ്ങിയ ഹമാസ് നേതാക്കളും കൊല്ലപ്പെട്ടതോടെ അടുത്ത താനാണെന്നുള്ള സമ്മർദ്ദം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം. ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ പശ്ചിമേഷ്യയിലെ സമീപ ആഴ്‌ചകളിലെ സിൻവാറിൻ്റെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുകയും, സിൻവാറിനെ തന്നെ ഉന്മൂലനം ചെയ്തതായി ഐഡിഎഫ് പ്രതികരിച്ചു.
‘ഇത് ഒന്നിന്റെയും അവസാനമല്ല’
ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ സിൻവാറിനെ കൊല്ലുക എന്നത് ഇസ്രയേലിൻ്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മരണത്തോടെയും അവസാനം ഗാസയിലെ യുദ്ധം അവസാനിക്കുന്നില്ല.
ഹമാസിൻ്റെ കൈവശമുള്ള 101 ബന്ദികളെ രക്ഷിക്കാൻ. യുദ്ധം തുടരുമെന്ന് തന്നെയാണ് നെതന്യാഹു തറപ്പിച്ചു പറയുന്നത്.