കഴിഞ്ഞ മാസം ഗാസ മുനമ്പിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസിൻ്റെ സൈനിക മേധാവി മുഹമ്മദ് ദീഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. ജൂലൈ 13 ന് ഖാൻ യൂനിസ് ഏരിയയിലെ ഒരു കോമ്പൗണ്ടിൽ ആക്രമണത്തിലാണ് മുഹമ്മദ് ദീഫ് കൊല്ലപ്പെട്ടത്, എന്നാൽ മരണത്തെക്കുറിച്ച് ഹമാസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. 1,200 പേർ കൊല്ലപ്പെട്ട തെക്കൻ ഇസ്രായേലിൽ ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിന് ആസൂത്രണം ചെയ്ത വ്യക്തികളിൽ ഒരാളാണ് മുഹമ്മദ് ദീഫ് എന്നാണ് ലഭിക്കുന്ന വിവരം.
ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായേൽ ഹനിയേയും ലെബനൻ, മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ദീഫിന്റെ മരണവാർത്ത ഇസ്രായേൽ പുറത്തുവിടുന്നത്. ഗാസയിലെ വ്യോമാക്രമണത്തിൽ 90ലധികം പേർ കൊല്ലപ്പെട്ട വിവരം പുറത്തുവന്നിരുന്നെങ്കിലും മരിച്ചവരിൽ മുഹമ്മദ് ദീഫ് ഉണ്ടെന്ന വിവരം നിഷേധിച്ചിരുന്നു. ഹമാസ് പ്രസ്ഥാനത്തിൻ്റെ സൈനിക വിഭാഗമായ ഇസ്സെദീൻ അൽ ഖസ്സാം ബ്രിഗേഡിൻ്റെ തലവനായിരുന്നു മുഹമ്മദ് ദീഫ്.
1996-ൽ പതിനായിരക്കണക്കിന് ഇസ്രായേലികളെ കൊന്നൊടുക്കിയ ബസ് ബോംബാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവെന്നും 1990-കളുടെ മധ്യത്തിൽ മൂന്ന് ഇസ്രായേലി സൈനികരെ പിടികൂടി കൊലപ്പെടുത്തിയതിലും മുഹമ്മദ് ദീഫിന് പങ്കുള്ളതായി ഇസ്രായേൽ ആരോപിച്ചു. ഹമാസ് പോരാളികളെ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ അനുവദിക്കുന്ന തുരങ്കങ്ങളുടെ നിർമ്മാണത്തിലും പ്രധാന പങ്കുവഹിച്ചത് മുഹമ്മദ് ദീഫ് ആണെന്ന് പറയപ്പെടുന്നു.