ഗാസ: യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഇസ്രയേലിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസിനോട് അഭ്യര്‍ഥിച്ച് ഹമാസ്. ആറ് ഗാസ ബന്ദികളുടെ മരണത്തെത്തുടര്‍ന്ന് നെതന്യാഹു കരാറില്‍ ഒപ്പുവെക്കാന്‍ വൈകുന്നത് സമ്മര്‍ദ്ദമായതോടെ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ സ്തംഭിക്കുകയായിരുന്നു.
ഇതോടെ ഇരുപക്ഷവും പരസ്പരം പഴിചാരുകയാണുണ്ടായത്. നെതന്യാഹുവിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും മേല്‍ യഥാര്‍ഥ സമ്മര്‍ദ്ദം ചെലുത്താനും ഇസ്രയേലിനോടുള്ള അന്ധമായ പക്ഷപാതം ഉപേക്ഷിക്കാനും യുഎസിനോട് ഹമാസിന്റെ ഖത്തര്‍ ആസ്ഥാനമായുള്ള ലീഡ് നെഗോഷ്യേറ്റര്‍ ഖലീല്‍ അല്‍-ഹയ്യ ആഹ്വാനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
Also Read: കമലാ ഹാരിസിനെ വിമർശിച്ചു; ബൈഡന്‍ തന്നെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് തുളസി ഗബ്ബാര്‍ഡ്
ഹമാസിന് ആയുധം ലഭിക്കുന്നത് തടയാന്‍ ഈജിപ്ത്- ഗാസ അതിര്‍ത്തിയിലെ ഫിലാഡല്‍ഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രയേലിന് വേണമെന്ന നിര്‍ബന്ധമാണ് നെതന്യാഹു ചെലുത്തുന്നത്. പ്രദേശത്ത് നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുന്ന ഹമാസ് നെതന്യാഹുവിന്റെ നിലപാട് കരാറിലെത്തുന്നത് തടയുകയാണ് ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു.
Also Read: നികുതി വെട്ടിപ്പ് കേസ്; ജോ ബൈഡൻ്റെ മകൻ ഹണ്ടർ കുറ്റം സമ്മതിച്ചു
മാസങ്ങള്‍ക്കുമുമ്പ് ബൈഡന്‍ രൂപപ്പെടുത്തിയ ഉടമ്പടി അംഗീകരിച്ചതിനാല്‍ പുതിയ കരാര്‍ അനാവശ്യമാണെന്നും ഹമാസ് പറഞ്ഞു. ഈ ആഴ്ച ഇസ്രയേലിലെ പല നഗരങ്ങളിലും നെതന്യാഹുവിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ ഇളവുകള്‍ നല്‍കാന്‍ നെതന്യാഹു വിസമ്മതിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
വസ്തുതകളെ വളച്ചൊടിക്കാനും നുണകള്‍ ആവര്‍ത്തിച്ച് ലോക പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമത്തെ അടിസ്ഥാനമാക്കിയാണ് ഇസ്രയേല്‍ സമീപനങ്ങള്‍ സ്വീകരിക്കുന്നതെന്ന് പ്രധാന മധ്യസ്ഥ രാജ്യമായ ഖത്തര്‍ കുറ്റപ്പെടുത്തി.