മുംബൈ: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം സ്വന്തമാക്കിയ, പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടിയില്‍ വാങ്ങാന്‍ ആളില്ലെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകന്‍ ഹന്‍സല്‍ മേത്ത. “ഞാൻ അറിഞ്ഞത് വച്ച് ഒരു പ്ലാറ്റ്‌ഫോമും ആ സിനിമ വാങ്ങിയില്ല. ഇന്ത്യയിൽ സ്വതന്ത്ര സിനിമകള്‍ക്ക് സംഭവിക്കുന്നതിന്‍റെ യാഥാര്‍ത്ഥ്യമാണിത്. സ്പെക്റ്റാക്കിളുകള്‍ക്ക് പറ്റിയ രാജ്യമല്ല ഇതെന്ന് തോന്നുന്നു. എന്‍റെ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു”മേത്ത പറഞ്ഞു.
ഈ വര്‍ഷം മേയില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രി അവാര്‍ഡ് നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രമായി ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ചരിത്ര നേട്ടത്തിലെത്തിയിരുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയ്ക്കാണ് ചിത്രത്തിന്റെ വിതരണ അവകാശം. ചിത്രം കേരളത്തില്‍ തിയേറ്ററുകളിലെത്തി. നവംബര്‍ 22 ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ചിത്രം റിലീസിനെത്തും.
Also Read: ‘ആ വികാരം ഞാന്‍ വെറുക്കുന്നു, അപ്പോള്‍ ബാത്‌റൂമിലിരുന്ന് കരയും’- ഷാരൂഖ് ഖാന്‍
ഓൾ വി ഇമാജിൻ ആസ് ലൈറ്റ് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച റാണ സ്പിരിറ്റ് മീഡിയ വാണിജ്യ സിനിമകള്‍ക്കൊപ്പം സ്വതന്ത്ര സിനിമകള്‍ക്ക് അവസരം നല്‍കുകയാണെന്ന് പറഞ്ഞു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. മലയാളം താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മുംബൈ നഗരത്തില്‍ എത്തിപ്പെടുന്ന മൂന്ന് സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത്.