യുവ നടൻ തേജ സജ്ജ നായകനായി തെലുങ്കിൽ സർപ്രൈസ് ഹിറ്റടിച്ച ചിത്രമാണ് ഹനുമാൻ. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 350 കോടിയിലേറെ രൂപയാണ് നേടിയത്. ഇപ്പോഴിതാ പുതുയ വാർത്ത ഹനുമാൻ ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ് എന്നതാണ്. ജാപ്പനീസ് സബ്‍ടൈറ്റിലോടെയാണ് ചിത്രം എത്തുന്നത്. ഒക്ടോബർ നാലിനായിരിക്കും ചിത്രത്തിന്റെ ജാപ്പനീസ് റിലീസ് എന്നും റിപ്പോർട്ടുകൾ.
സൂപ്പർ താരം മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’, വെങ്കിടേഷ് ദഗുബതിയുടെ ‘സൈന്ധവ്’ എന്നീ ചിത്രങ്ങൾക്കൊപ്പം എത്തിയ ഹനുമാൻ മികച്ച പ്രകടനത്തോടെ അപ്രതീക്ഷിതമായി തീയേറ്ററുകളിൽ കാണികളെ ആകർഷിക്കുകയായിരുന്നു. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ജയ് ഹനുമാൻ’ ഉണ്ടാകുമെന്നും കഥ എഴുതാൻ തുടങ്ങിയെന്നും സംവിധായകൻ പ്രശാന്ത് വർമ അടുത്തിടെ പറഞ്ഞിരുന്നു. പ്രശാന്ത് വർമയുടെ തെലുങ്കിൽ ശ്രദ്ധയാകർഷിച്ച മറ്റു ചിത്രങ്ങൾ ‘കൽക്കി’, ‘സോംബി റെഡ്ഡി’ എന്നിവയാണ്. പ്രൈംഷോ എന്റർടെയ്‍ൻമെന്റിന്റെ ബാനറിലാണ് ഹനുമാൻ നിർമ്മിച്ചത്. നിർമാണം കെ നിരഞ്‍ജൻ റെഢി.
തെലുങ്കിലെ നായകൻമാരിൽ ശ്രദ്ധേയാകർഷിച്ച യുവതാരമാണ് തേജ സജ്ജ. ‘അത്ഭുത’മായിരുന്നു തേജ സജ്ജ നായകനായി വേഷമിട്ടതിൽ ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. ‘സൂര്യ’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ തേജ സജ്ജ വേഷമിട്ടത്. എന്നാൽ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ പ്രദർശനത്തിനെത്തിയ ചിത്രം അത്ര മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. ചിത്രം സംവിധാനം മാലിക് റാം ആയിരുന്നു . ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വർമയുമാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.