തിരുവനന്തപുരം: മന്ത്രിയാകുക എന്നത് ഉത്തരവാദിത്തമുള്ള കാര്യമാണെന്നും തന്നെ മന്ത്രിയാക്കിയ പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഒആര്‍ കേളു. കെ. രാധാകൃഷ്ണൻ ലോക്സഭ അംഗമായി പോയ ഒഴിവിലേക്ക് പുതിയ മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും വന്യജീവി വിഷയവുമാണ് പ്രധാന വിഷയം. കേരളത്തിലെ ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പൊതു വിഷയങ്ങളുമുണ്ടെന്നും ഒ.ആര്‍ കേളു കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പിന്നോട്ടുപോയി. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചിലപ്പോള്‍ മുന്നേറ്റമുണ്ടാക്കും. തനിക്ക് പരിചയക്കുറവുണ്ട്. പാര്‍ലമെന്ററി കാര്യ വകുപ്പില്‍ പരിചയമുള്ള ആള്‍ക്കാര്‍ വരണം. അതാണ് ശരി. ആദിവാസി മേഖലയെപ്പറ്റി കൃത്യമായ വ്യക്തതയുണ്ട്. എംഎല്‍എ ഫണ്ടില്‍നിന്നും 2 കോടി രൂപ വന്യജീവി പ്രതിരോധത്തിനു നല്‍കിയിട്ടുണ്ടെന്നും കേളു പറഞ്ഞു.
വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിലും വയനാട്ടില്‍നിന്നു മന്ത്രിമാരുണ്ടായിരുന്നില്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരാളെ സിപിഎം ആദ്യമായാണ് മന്ത്രിയാക്കുന്നത്. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍നിന്ന് സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലാണ് ജയലക്ഷ്മി അംഗമായിരുന്നത്.