CMDRF

പീഡനക്കേസ്; കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെട്ടാല്‍ അവരുടെ ഡി.എന്‍.എ. പരിശോധന പ്രോത്സാഹിപ്പിക്കരുത്, കുട്ടികളുടെ സ്വകാര്യത മാനിക്കണം

പീഡനക്കേസ്; കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെട്ടാല്‍ അവരുടെ ഡി.എന്‍.എ. പരിശോധന പ്രോത്സാഹിപ്പിക്കരുത്, കുട്ടികളുടെ സ്വകാര്യത മാനിക്കണം
പീഡനക്കേസ്; കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെട്ടാല്‍ അവരുടെ ഡി.എന്‍.എ. പരിശോധന പ്രോത്സാഹിപ്പിക്കരുത്, കുട്ടികളുടെ സ്വകാര്യത മാനിക്കണം

കൊച്ചി: പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെട്ടാല്‍ അവരുടെ ഡി.എന്‍.എ. പരിശോധന സംബന്ധിച്ച അപേക്ഷകള്‍ കോടതികള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈക്കോടതി. കുട്ടികളുടെ സ്വകാര്യത മാനിച്ചുവേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസ് കെ. ബാബു ഉത്തരവില്‍ പറഞ്ഞു.

പീഡനവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളില്‍ ദത്തെടുത്ത നാല് കുട്ടികളുടെ രക്തസാംപിളുകള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ച് മഞ്ചേരി, കട്ടപ്പന, കൊല്ലം, പാലക്കാട് കോടതികളുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മാനഭംഗക്കേസുകളില്‍ വാദത്തിന് പിന്‍ബലം നല്‍കാനാണ് ഇരകളുടെ കുഞ്ഞുങ്ങളുടെ ഡി.എന്‍.എ. പരിശോധനവേണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. കോടതികള്‍ ഇതിന് നിര്‍ദേശിക്കുമ്പോള്‍ ജനനം സംബന്ധിച്ച രഹസ്യം ചിലപ്പോള്‍ കുട്ടികളും അവരുടെ പുതിയ രക്ഷിതാക്കളും അറിയാനിടയാകും. താന്‍ ദത്ത്കുട്ടിയാണെന്നും പീഡനത്തിനിരയായ മാതാവിന്റെ കുട്ടിയാണെന്നും നിശ്ചിത പ്രായത്തിനുശേഷം തിരിച്ചറിയുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കാനിടയുണ്ട്.

ഇത് ദത്തെടുക്കല്‍ നിയന്ത്രണ മാര്‍ഗരേഖയുടെ 48-ാംവകുപ്പിനും ദത്തെടുക്കലിന്റെ ലക്ഷ്യത്തിനും വിരുദ്ധമാണ്. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍, ദത്തെടുത്ത കുട്ടികളുടെ കാര്യത്തില്‍ ഡി.എന്‍.എ. ഫലം നിര്‍ബന്ധിക്കപ്പെടുന്നില്ല. കേസ് തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധനാഫലം ആവശ്യമായി വരുമ്പോള്‍ സ്വകാര്യതയുടെ ലംഘനവും ഉണ്ടാകുന്നതുകൊണ്ട് കോടതികള്‍ വിവേചനാധികാരം ഉപയോഗിക്കണം. ഡി.എന്‍.എ. പരിശോധനയുടെ അനിവാര്യത കോടതികള്‍ പരിശോധിക്കണം. ഡി.എന്‍.എ. പരിശോധനയുടെപേരില്‍ ദത്തെടുത്ത കുടുംബം പീഡനമനുഭവിക്കേണ്ടി വരരുത്.

ദത്തുനടപടികളുടെയും രേഖകളുടെയും രഹസ്യസ്വഭാവം ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുവരുത്തണം. ദത്തു നല്‍കിയിട്ടില്ലാത്ത കുട്ടിയാണെങ്കില്‍പ്പോലും ഡി.എന്‍.എ. പരിശോധനയുടെ കാര്യത്തില്‍ കോടതികള്‍ വിവേചനാധികാരം പ്രയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. കേരള ലീഗല്‍ സര്‍വീസസ് സൊസൈറ്റി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ (വിക്റ്റിം റൈറ്റ്‌സ് സെന്റര്‍) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജി മേയ് 27-ന് വീണ്ടും പരിഗണിക്കും.

Top