മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന പരാതി നൽകിയ പൊന്നാനിയിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം. കേസിൽ നിന്ന് പിൻമാറാൻ സഹായ വാഗ്ദാനവുമായി രണ്ടു പേർ വീട്ടിലെത്തിയെന്നും പരാതി പിൻവലിക്കില്ലെന്നും നീതി കിട്ടും വരെ പോരാടുമെന്നും അതിജീവിത പറഞ്ഞു.
‘ചെറുപ്പക്കാരായ രണ്ടുപേരാണ് വന്നത്. പരാതിയിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് ചോദിച്ചു. അതെ, എല്ലാം ഞാൻ മാത്രം അനുഭവിച്ച കാര്യങ്ങളാണെന്ന് മറുപടി നൽകി. പിന്മാറില്ലെന്നും പറഞ്ഞു. പിന്മാറാൻ എന്ത് സഹായവും ചെയ്യാം എന്നാണ് പിന്നീട് അവർ പറഞ്ഞത്. എന്നാൽ ഒരു സഹായവും വേണ്ടെന്ന് ഞാനും പറഞ്ഞു. കേസുമായി മുന്നോട്ട് പോകും. എന്തായാലും നനഞ്ഞു. ഇനി കുളിച്ച് കയറാം. നീതി കിട്ടും വരെ പോരാടും എന്നും പറഞ്ഞു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടാനാണ് അവർ വന്നത്. രണ്ടാമത് ആലോചിച്ച് വിളിക്കണമെന്ന് പറഞ്ഞു. പേരും സ്ഥലവും ചോദിച്ചെങ്കിലും അവർ ഒന്നും പറഞ്ഞില്ല. വക്കീലിനെ വിളിക്കട്ടെയെന്ന് ചോദിച്ചപ്പോൾ വേഗം ഇറങ്ങിപോയി. 15 മിനിറ്റ് വീട്ടിലുണ്ടായിരുന്നു. കേസ് പിൻവലിച്ചാൽ എന്ത് സഹായവും ചെയ്യാമെന്നാണ് അവർ പറഞ്ഞു. എന്നാൽ ഏതറ്റം വരെയും പരാതിയുമായി മുന്നോട്ട് പോകുമെന്ന് അതിജീവിത പറഞ്ഞു.
പീഡന പരാതിയിൽ അതിജീവിതയുടെ ഹർജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് മാത്രമല്ല നിയമവിരുദ്ധമായി പ്രാഥമിക അന്വേഷണം നടത്തുന്നു എന്നുകൂടി ചൂണ്ടിക്കാണിച്ചാണ് ഹർജി. പൊലീസിനോടും പൊന്നാനി മജിസ്‌ട്രേറ്റിനോടും ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു.