കർണാടക: മുൻ മന്ത്രിയും നിലവിൽ കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽക്കർണിക്കെതിരെ പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും പൊലീസ് കേസെടുത്തു. ഹാവേരി സ്വദേശിനിയായ 34കാരിയുടെ പരാതിയിലാണ് ബംഗളുരു പോലീസ് കേസ് എടുത്തിട്ടുള്ളത്. കേസിൽ കുൽക്കർണിയുടെ അനുയായി അർജുനെയും പ്രതിചേർത്തു.
പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെ ലൈംഗിക ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സാമൂഹ്യ പ്രവർത്തകയായ യുവതിക്കും കന്നഡ വാർത്താ ചാനലിനുമെതിരെ കുൽക്കർണി നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
സുഹൃത്ത് വഴി കുൽക്കർണിയെ 2022ലാണ് പരിചയപ്പെട്ടതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. 2022 ഓഗസ്റ്റ് 24ന് ബെംഗളൂരു വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു നിലവിലെ കേസ്.
Also Read: മെത്താംഫിറ്റമിനും, കഞ്ചാവും; എക്സൈസ് പരിശോധനയിൽ രണ്ട് പേർ പിടിയിൽ
കുൽക്കർണിക്കെതിരെ കൊലപാതകക്കേസും
എംഎൽഎ വിനയ് കുൽക്കർണിക്കെതിരെ സിബിഐ അന്വേഷിക്കുന്ന കൊലപാതകക്കേസും നിലവിലുണ്ട്. 2016 ജൂൺ 5ന് ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ സപ്താപുരയിലെ ജിമ്മിൽ കൊലപ്പെടുത്തിയെന്ന കേസാണിത്. 2020 നവംബറിൽ കേസിലെ ഒന്നാം പ്രതിയായ കുൽക്കർണി അറസ്റ്റിലായിരുന്നു. കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ധാർവാഡ് ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കി.
Also Read: 18 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാസംഗം ചെയ്തു
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കുൽക്കർണിക്ക്, ഇതിനെത്തുടർന്ന്, പ്രചാരണത്തിനായി പോലും സ്വന്തം മണ്ഡലമായ ധാർവാഡ് റൂറലിൽ പ്രവേശിക്കാനായില്ല.