കൊളംബോ: ഇത് ശ്രീലങ്കയുടെ പുതുയുഗമാണ്, ഈ നവയുഗത്തിന് തുടക്കം കുറിച്ച്, 12 പുതുമുഖങ്ങൾ ഉൾപ്പെടെ 21 പേരടങ്ങുന്ന മന്ത്രിസഭ രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രകടനപത്രികയിലെ ചെലവുചുരുക്കൽ പ്രഖ്യാപനത്തിന് അടിവരയിട്ട് , രാജ്യത്ത് 30 മന്ത്രിമാരെ നിയമിക്കാമെന്നിരിക്കെയാണ് പ്രസിഡന്റ് അനുരകുമാര ദിസനായകെ ചെറിയ മന്ത്രിസഭ രൂപീകരിച്ചത്. ഇതോടെ പുതിയ പാർലമെന്റ് വ്യാഴാഴ്ച ചേരും.
പ്രസിഡന്റ് ദിസനായകെ ധനം, പ്രതിരോധം വകുപ്പുകൾ നിലനിർത്തി. പ്രധാനമന്ത്രിയായി വീണ്ടും നിയമിക്കപ്പെട്ട ഹരിണി അമരസൂര്യയ്ക്കാണ് രാജ്യത്തിന്റെ വിദ്യാഭ്യാസം. ഹരിണിയും സിംഹള ഭൂരിപക്ഷ മേഖലയിൽനിന്നുള്ള തമിഴ്‌വംശജ സരോജ സാവിത്രി പോൾരാജുമാണ് ചുവപ്പ് മന്ത്രിസഭയിലെ വനിതാപ്രാതിനിധ്യം. വനിതാ ശിശു ക്ഷേമം കൈകാര്യം ചെയ്യുന്ന വകുപ്പാണ് സരോജയ്ക്ക്.
Also Read : ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഒറ്റ ദിവസം 76 മരണം
തമിഴ് വംശജനായ രാമലിംഗം ചന്ദ്രശേഖരനാണ് ഫിഷറീസ് വകുപ്പ്. രാജ്യത്തിന്റെ പുത്തൻ ഉദയത്തിന് വേണ്ടിയുള്ള മന്ത്രിസഭയിൽ പുതുമുഖങ്ങളിൽ 5 പേർ കോളേജ് പ്രഫസർമാരാണ്. ഇവർക്ക് കരുത്തുപകരാൻ 2000 ലെ മന്ത്രിസഭയിലുണ്ടായിരുന്ന 8 പേരെയും പുതിയ മന്ത്രിസഭയിലേക്കു കൊണ്ടുവന്നു.