ആലപ്പുഴ: ഹരിപ്പാട് സിപിഐഎമ്മിൽ കൂട്ടരാജി. കുമാരപുരത്തെ 36 സിപിഐഎം അഗംങ്ങളാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് നൽകിയത്. രാജിക്കത്ത് നൽകിയവരിൽ പാർട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡൻ്റും ഉൾപ്പെടുന്നു. പാർട്ടി ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഈ നടപടി.
വിശദാംശങ്ങൾ ചുവടെ:
ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റി അംഗം ബിജു പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെങ്കിലും ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പരാതി നൽകിയ ബിജുവിനെ ഒഴിവാക്കുകയായിരുന്നു. പിന്നീട് ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കുപാലിച്ചിരുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചയും നടന്നില്ല ഇതുമായി ബന്ധപ്പെട്ടാണ് അംഗങ്ങൾ രാജിക്കത്ത് നൽകിയത്. ജില്ലയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് ഹരിപ്പാട് പ്രശ്നങ്ങൾ രൂക്ഷമായത്.
കായംകുളത്തും ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകിയിരുന്നു. കായംകുളം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളിൽ 12 പേരാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്.