കൊതിപ്പിക്കുന്ന മാറ്റവുമായി ഹാർലി X440 വിപണിയിൽ

കൊതിപ്പിക്കുന്ന മാറ്റവുമായി ഹാർലി X440 വിപണിയിൽ
കൊതിപ്പിക്കുന്ന മാറ്റവുമായി ഹാർലി X440 വിപണിയിൽ

ന്ത്യൻ വിപണിയിൽ സൂപ്പർബൈക്കുകൾ മാത്രം പുറത്തിറക്കിയിരുന്ന ഇരുചക്ര വാഹന നിർമാതാക്കളായിരുന്നു ഹാർലി ഡേവിഡ്‌സൺ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത കമ്പനി ഒരു സുപ്രഭാതത്തിൽ ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചു. വില കൂടുതലായതിനാൽ വിൽപ്പനയില്ലെന്ന പരാതിയിലാണ് ബ്രാൻഡ് രാജ്യം വിടാൻ തയാറായത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഈ അവസരം മുതലെടുത്ത് ഒരു പങ്കാളിത്തത്തിന് മുതിരുകയുണ്ടായി. എന്തായാലും അങ്ങനെയൊരു പരീക്ഷണത്തിന് കൂടി തയാറായേക്കാമെന്ന് ഹാർലി തീരുമാനിക്കുകയും ചെയ്‌തു.

രണ്ട് ബ്രാൻഡുകളും കൂടി സംയുക്തമായി വികസിപ്പിച്ചതാവട്ടെ സാക്ഷാൽ റോയൽ എൻഫീൽഡിനിട്ട് പണിയാനുള്ള 400 സിസി മോട്ടോർസൈക്കിളിനെയായിരുന്നു. ഹാർലി X400 എന്ന് പേരിട്ട മോഡൽ എൻഫീൽഡ് ക്ലാസിക് പോലുള്ള 350 സിസി മിഡ്-കപ്പാസിറ്റി സെഗ്മെന്റിലേക്കാണ് ലാൻഡ് ചെയ്‌തത്. മോശമല്ലാത്ത രീതിയിൽ വിൽപ്പന പിടിക്കാനായ കമ്പനി ഇടയ്ക്കൊന്ന് പതറിയെങ്കിലും ഇപ്പോഴിതാ ബൈക്കിലേക്ക് ചെറിയൊരു നവീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മറ്റൊന്നുമല്ല ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിലേക്ക് പുതിയ കളർ ഓപ്ഷനുകൾ സമ്മാനിച്ചതാണ് സംഗതി. വണ്ടി വാങ്ങാനെത്തുന്നവർക്കുള്ള പ്രധാന പരാതിയായിരുന്നു വേണ്ടത്ര നിറങ്ങൾ ബൈക്കിനില്ലെന്നത്. ബേസ് ഡെനിം, മിഡ്-സ്പെക്ക് വിവിഡ്, ടോപ്പ്-എൻഡ് S എന്നീ മൂന്ന് വേരിയന്റുകളേയും അടിസ്ഥാനമാക്കിയാണ് കളർ ഓപ്ഷനുകൾ നൽകിയിരുന്നതും. വിവിഡ് ഇനി മുതൽ മസ്റ്റാർഡ് യെല്ലോ നിറത്തിലും പുതിയ ഗോൾഡ് ഫിഷ് സിൽവർ കളറിലും സ്വന്തമാക്കാനാവും.

വിവിഡ് വേരിയൻ്റിന് സ്റ്റാൻഡേർഡായി ടാങ്കിൽ 3D ഹാർലി ഡേവിഡ്‌സൺ ലോഗോയും ലഭിക്കുന്നുണ്ട്. മറുവശത്ത് മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രം വാങ്ങാൻ സാധിച്ചിരുന്ന X440 S ഇപ്പോൾ ഒരു പുതിയ ബാജ ഓറഞ്ച് ഷേഡിലും സ്വന്തമാക്കാം. പുതിയ വർണങ്ങൾ കൂട്ടിച്ചേർത്തത് മാറ്റിനിർത്തിയാൽ ഹാർലി ഡേവിഡ്‌സൺ X440 മോട്ടോർസൈക്കിളിന് മറ്റ് മാറ്റങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. പൂർണമായും മെറ്റൽ ബിൽഡിലാണ് മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്.

ഹാർലി-ഡേവിഡ്‌സൺ ഡീലർഷിപ്പുകൾ, പ്രീമിയ ഡീലർഷിപ്പുകൾ, തെരഞ്ഞെടുത്ത ഹീറോ ഡീലർഷിപ്പുകൾ എന്നിവ വഴിയാണ് നിലവിൽ X440 റോഡ്സ്റ്ററിന്റെ വിൽപ്പന നടക്കുന്നത്. ബേബി ഹാർലി മോട്ടോർസൈക്കിളിന്റെ ഡെനിം വേരിയൻ്റിന് 2.39 ലക്ഷം രൂപയും വിവിഡിന് 2.59 ലക്ഷം രൂപയും ടോപ്പ് എൻഡ് S ട്രിമ്മിന് 2.79 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് അമേരിക്കൻ മിൽവാക്കി മോട്ടോർസൈക്കിൾ നിർമാണ കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് X440 എന്ന് സാരം.

2-വാൽവ് കോൺഫിഗറേഷൻ ഫീച്ചർ ചെയ്യുന്ന 440 സിസി, എയർ-ഓയിൽ കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440 മോഡലിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27.6 bhp കരുത്തിൽ പരമാവധി 38 Nm torque ഉത്പാദിപ്പിക്കാനാവുക. വിലയായാലും ലുക്കായാലും ആളുകൾക്കെല്ലാം ഇഷ്‌ടമായതോടെ നിരത്തുകളിൽ അങ്ങിങ്ങായി ബൈക്കിപ്പോൾ കാണാനാവുന്നുണ്ട്.

ഫീച്ചറുകളിലേക്ക് വന്നാലും മോശമല്ലാത്ത രീതിയിലാണ് മോഡലിനെ കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, ഫ്ലാഗ്ഷിപ്പ് വേരിയൻ്റിലെ TFT സ്‌ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളാൽ ഹാർലി ഡേവിഡ്‌സൺ X440 സമ്പന്നമാണ്. എൽഇഡി ലൈറ്റിംഗ് ശരിക്കും പ്രായോഗികമാക്കി മാറ്റുന്ന സംഗതിയാണ്. അതേസമയം ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സർവീസ് റിമൈൻഡറുകൾ, സൈഡ്-സ്റ്റാൻഡ് അലേർട്ടുകൾ തുടങ്ങിയ സുപ്രധാന ഡാറ്റകളാണ് പ്രദർശിപ്പിക്കുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി മുൻവശത്ത് KYB-യിൽ നിന്നുള്ള 43 mm ഡ്യുവൽ കാട്രിഡ്ജ് അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെൻ്റുള്ള ഗ്യാസ് ചാർജ്ഡ് ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് X440 റോഡ്സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗ് സിസ്റ്റത്തിൽ മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് കമ്പനി നൽകുന്നത്.

റൈഡറിന്റെ അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി തന്നെ ഹാർലി ഡേവിഡ്സൺ അവതരിപ്പിക്കുന്നു. 18 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമായി മോട്ടോർസൈക്കിൾ അലോയ് അല്ലെങ്കിൽ സ്‌പോക്ക് വീലുകളിൽ ലഭ്യമാണ്. ടയർ സൈസിലേക്ക് വന്നാൽ മുൻവശത്ത് 100/90 സെക്ഷനും പിന്നിൽ 140/70 സെക്ഷനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്

Top