CMDRF

‘ട്രംപ് ഫാസിസ്റ്റ്, പ്രസിഡന്റ് പദവിക്ക് യോഗ്യനല്ല’; വിമർശിച്ച് കമല ഹാരിസ്

യു.എസിന്റെ ഭരണഘടനയെ അട്ടിമറിക്കാനാണ് ​ട്രംപ് ശ്രമിച്ചതെന്നാണ് ഇവരുടെയെല്ലാം അഭിപ്രായമെന്നും കമല ഹാരിസ് പറഞ്ഞു

‘ട്രംപ് ഫാസിസ്റ്റ്, പ്രസിഡന്റ് പദവിക്ക് യോഗ്യനല്ല’; വിമർശിച്ച് കമല ഹാരിസ്
‘ട്രംപ് ഫാസിസ്റ്റ്, പ്രസിഡന്റ് പദവിക്ക് യോഗ്യനല്ല’; വിമർശിച്ച് കമല ഹാരിസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാളുകൾ ശേഷിക്കെ ഇഞ്ചോടിഞ്ചു പോരാട്ടമാണ് സ്ഥാനാർത്ഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും, വ്യക്തിഹത്യയുമെല്ലാം ഇരു പക്ഷവും നടത്തുന്നുണ്ട്. കമല ഹാരിസിനെതിരെ വംശീയ അധിക്ഷേപങ്ങളടക്കം ട്രംപ് ഉന്നയിച്ച സാഹചര്യങ്ങളുണ്ടായിരുന്നു.

ഇപ്പോൾ ഡോണൾഡ് ട്രംപ് ഫാസിസ്റ്റാണെന്ന പരാമർശവുമായി എത്തിയിരിക്കുകയാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. സി.എൻ.എൻ സംഘടിപ്പിച്ച ചർച്ചയിലാണ് കമലയുടെ പരാമർശം. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നാണ് താൻ കരുതുന്നതെന്നും കമല ഹാരിസ് പറയുകയുണ്ടായി.

Also Read: ഗാസയില്‍ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ബ്രിക്‌സ്

ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ പ്രവർത്തിച്ച റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഡിഫൻസ് സെക്രട്ടറി എന്നിവരെല്ലാം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ട്. യു.എസിന്റെ ഭരണഘടനയെ അട്ടിമറിക്കാനാണ് ​ട്രംപ് ശ്രമിച്ചതെന്നാണ് ഇവരുടെയെല്ലാം അഭിപ്രായമെന്നും കമല ഹാരിസ് പറഞ്ഞു.അതേസമയം, കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിലുള്ള പ്രചാരണം ശക്തമായിരിക്കെ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരത്തേയുള്ള വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി പിന്നിട്ടു. നവംബർ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Also Read: തുര്‍ക്കിയിലെ അങ്കാറയില്‍ ഭീകരാക്രമണം; നിരവധിപേര്‍ കൊല്ലപ്പട്ടു

യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽനിന്നുള്ള കണക്കുകൾ പ്രകാരം, 78 ലക്ഷം പേർ ഏർലി ഇൻ-പേഴ്‌സൻ രീതിയിലൂടെയും 13.3 ലക്ഷത്തിലധികം പേർ തപാൽ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തി. പലയിടങ്ങളിലും നിരവധി ഇന്ത്യൻ വംശജർ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. അതേസമയം, ഏഷ്യൻ അമേരിക്കക്കാർക്കിടയിൽ നേരത്തേ പോൾ ചെയ്തവർ 1.7 ശതമാനം മാത്രമാണ്. റിപ്പബ്ലിക്കൻ പാർട്ടിയാണ് നേരത്തേയുള്ള വോട്ടിങ്ങിനായി കൂടുതൽ പ്രചാരണം നടത്തിയതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ കമലക്ക് 46 ശതമാനവും ട്രംപിന് 43 ശതമാനവും പിന്തുണ ലഭിച്ചിട്ടുണ്ട്. കടുത്ത മത്സരം നടക്കുന്ന അരിസോണ, നെവാഡ, വിസ്കോൺസൻ, മിഷിഗൻ, പെൻസൽവേനിയ, നോർത്ത് കരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളാകും തെരഞ്ഞെടുപ്പിൽ നിർണായകമാകുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Top