കോഴിക്കോട്: സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ദലിത് ആദിവാസി ബഹുജൻ സ്ത്രീ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ ബുധനാഴ്ച. പട്ടികജാതി/വർഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ഈ വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ആഗസ്റ്റ് ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പ്രതിഷേധിച്ചാണ് ഹർത്താലാചരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ദലിത്- ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്‍റിൽ നിയമനിർമാണം നടത്തണമെന്നാണ് പ്രധാന ആവശ്യം.
ഐ.എ.എസ് തസ്തികകളിൽ യു.പി.എസ്.സിയെ മറികടന്ന് ലാറ്ററൽ എൻട്രി എന്ന പേരിൽ നേരിട്ട് നിയമനം നടത്താനുള്ള നീക്കവും എതിർക്കപ്പെടണം.ശങ്കരൻ മടവൂർ (വി.സി.കെ), ലിജുകുമാർ കെ.പി (ഐ.എൽ.പി-ഡി), എ.എം. അകിൽകുമാർ (സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ), ബാബു നെല്ലിക്കുന്ന് (എസ്.എസി/എസ്.ടി ഫെഡറേഷൻ), രാമദാസ് വേങ്ങേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.