CMDRF

ബീഫ് കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തി: സംഭവത്തെ നിസാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി

‘ആൾക്കൂട്ട കൊലപാതകം എന്ന് പറയുന്നത് ശരിയല്ല, കാരണം പശു സംരക്ഷണത്തിനായി നിയമസഭയിൽ കർശനമായ നിയമം ഉണ്ടാക്കിയിട്ടുണ്ട്, അതിൽ ഒരു വിട്ടുവീഴ്ചയുമില്ല

ബീഫ് കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തി: സംഭവത്തെ നിസാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി
ബീഫ് കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തി: സംഭവത്തെ നിസാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഢ്: കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ച് കൊന്ന സംഭവത്തെ നിസാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. കഴിഞ്ഞ ദിവസമാണ് ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആൾക്കൂട്ടം അടിച്ച് കൊന്നത്.

സംഭവത്തിൽ പ്രതികരണവുമായെത്തിയ മുഖ്യമന്ത്രി ഇത് ആൾക്കൂട്ട കൊലപാതകമല്ലെന്നും ഹരിയാന അസംബ്ലി കർശനമായ പശു സംരക്ഷണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഇത്തരം നിയമങ്ങൾ ഉള്ളതിനാൽ ഇത് ആൾക്കൂട്ട കൊലപാതകമായി കണക്കാക്കാൻ പറ്റില്ലെന്നാണ് നയാബിന്റെ വാദം.

Also Read: ബീഫ് കഴിച്ചുവെന്നാരോപിച്ച് തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തി

‘ആൾക്കൂട്ട കൊലപാതകം എന്ന് പറയുന്നത് ശരിയല്ല, കാരണം പശു സംരക്ഷണത്തിനായി നിയമസഭയിൽ കർശനമായ നിയമം ഉണ്ടാക്കിയിട്ടുണ്ട്, അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഗ്രാമവാസികൾക്ക് പശുക്കളോട് വളരെയധികം ബഹുമാനമുണ്ട്, അത്തരം കാര്യങ്ങളെക്കുറിച്ച് അവരെ അറിയിച്ചാൽ, ആർക്കാണ് അവയെ തടയാൻ കഴിയുക? ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത് ഈ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളിയായ സാബിർ മാലിക്കിനെ ചാർഖി ദാദ്രി ജില്ലയിൽ പശു സംരക്ഷക സംഘത്തിലെ ഒരു കൂട്ടം ആളുകൾ ആഗസ്റ്റ് 27 ന് മർദിച്ച് കൊന്നിരുന്നു. പ്രാദേശിക പശു സംരക്ഷണത്തിന് കീഴിലുള്ള ഗുരുതരമായ കുറ്റമാണ് മാലിക് ചെയ്തതെന്ന് സംഘം ആരോപിച്ചു. എന്നാൽ മാലിക് ബീഫ് കഴിച്ചതിന് തെളിവുകൾ ഒന്നും തന്നെ അവരുടെ പക്കൽ ഉണ്ടായിരുന്നില്ല.

Also Read: യുവഡോക്ടർ കൊല്ലപ്പെട്ട സംഭവം; രോഗികൾക്ക് തെരുവിൽ ചികിത്സ നൽകി പ്രതിഷേധം

കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്ത്, സാഹിൽ എന്നിവരാണ് അറസ്റ്റിലായ പ്രായപൂർത്തിയായവർ.ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾ നിലവിൽ പൊലീസ് റിമാൻഡിലാണെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധീരജ് കുമാർ പറഞ്ഞു. ബാന്ദ്ര ഗ്രാമത്തിന് സമീപം ആക്രി പെറുക്കിയാണ് മാലിക്ക് ജീവിക്കുന്നത്.

കാലിയായ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന മാലിക്കിനെ ഒരു കടയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സമീപവാസികളുടെ ഇടപെടലിനെ തുടർന്ന് പ്രതികൾ മാലിക്കിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി വീണ്ടും മർദിക്കുകയും ചെയ്തു. പിന്നാലെ മാലിക്ക് കൊല്ലപ്പെടുകയായിരുന്നു.

Top