ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിലും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലും മധ്യസ്ഥത വഹിക്കാനുള്ള തങ്ങളുടെ പ്രവര്‍ത്തനം ഖത്തര്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. ഹമാസും ഇസ്രയേലും ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിക്കുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് രാജ്യം അറിയിച്ചതായാണ് വിവരം. അതേസമയം ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാന്‍ അമേരിക്ക ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം തള്ളി. അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നല്ല ഓഫീസ് പൂട്ടാന്‍ നിര്‍ദേശിച്ചതെന്ന് ഖത്തര്‍ വ്യക്തമാക്കി. നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും അറിയിച്ചു. 2012 മുതല്‍ ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ രാഷ്ട്രീയ അഭയം നല്‍കി വരികയാണ്.
അതേസമയം, ഗാസയിലും ലെബനനിലും ഇസ്രയേല്‍ നരഹത്യ തുടരുകയാണ്. ഇതിനിടയിലാണ് മധ്യസ്ഥ ചര്‍ച്ചയില്‍ നിന്നും ഖത്തര്‍ താത്ക്കാലികമായി പിന്‍വാങ്ങിയത്. ഇസ്രയേല്‍ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത കാണിച്ചാലേ മധ്യസ്ഥ ശ്രമങ്ങള്‍ങ്ങ് ഇനി ജീവന്‍ വെയ്ക്കൂ എന്നും ഖത്തര്‍ അറിയിച്ചതായാണ് വിവരം. വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള അവസാനശ്രമം എന്നനിലയില്‍ 10 ദിവസം മുമ്പ് നടന്ന ചര്‍ച്ചയില്‍ ഇരുകക്ഷികളും കരാറില്‍ എത്തിയില്ലെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹമാസിനെയും ഇസ്രയേലിനെയും അറിയിച്ചിരുന്നുവെന്ന് ഖത്തര്‍ വിശദമാക്കി. മധ്യസ്ഥ ശ്രമത്തില്‍ നിന്ന് തങ്ങള്‍ പിന്‍വാങ്ങുന്നതല്ല പകരം, സമാധാന ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്നും ഖത്തര്‍ അറിയിച്ചതായാണ് വിവരം.
Also Read: ഇന്ത്യയെ ലക്ഷ്യമിട്ടിരുന്ന പാക്കിസ്ഥാന് ഇപ്പോള്‍ എട്ടിന്റെ പണി
എന്നാല്‍, ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ട്രംപ് എന്ത് സമീപനം സ്വീകരിക്കുമെന്നാണ് നിലവിൽ ലോകം ഉറ്റുനോക്കുന്നത്. തങ്ങളുടെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇസ്രയേലിനെ അമേരിക്ക അനുവദിക്കുമെന്നാണ് കരുതുന്നത്. ഗാസയില്‍ എന്തിനാണോ ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചത് അത് പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നെതന്യാഹുവിനോട് പറഞ്ഞതായാണ് വിവരം. എന്നാല്‍, താന്‍ അധികാരമേറ്റെടുക്കുമ്പോഴേക്കും പോരാട്ടം അവസാനിപ്പിക്കണമെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഒക്ടോബറിനു ശേഷം ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 188 ആയി. ഗാസ ആസ്ഥാനമായുള്ള ഗവണ്‍മെന്റ് മീഡിയ ഓഫീസ് ടെലിഗ്രാമിലൂടെ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു.
ഗാസയില്‍ ഇസ്രയേല്‍ ഉപരോധത്തില്‍ സ്ത്രീകളും കുട്ടികളും നിരാലംബരും അടങ്ങിയ പതിനായിരക്കണക്കിന് പേരെ ബാധിച്ചു. പ്രദേശത്ത് വെള്ളവും ഭക്ഷണവും മരുന്നും കിട്ടാക്കനിയാണ്. അല്‍ അഖ്സ ആശുപത്രിക്ക് നേരെയും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടു.
Also Read: റഷ്യ – യുക്രെയ്ൻ യുദ്ധം തീർക്കാൻ ട്രംപിൻ്റെ ഫോർമുല, നേട്ടമുണ്ടാക്കാൻ പോകുന്നത് ഇറാൻ !: ഖത്തർ പുറത്താക്കുന്ന ഹമാസ് നേതാക്കൾക്ക് അഭയം നൽകാൻ റഷ്യയും ഇറാനും ! ഇസ്രയേലിന് തിരിച്ചടി
തെക്കന്‍ ലെബനനിലും വടക്കന്‍ ഇസ്രായേലിലും ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയെന്ന ഹിസ്ബുള്ളയുടെ പ്രസ്താവനയെത്തുടര്‍ന്ന് ലെബനന്‍-സിറിയ അതിര്‍ത്തിയിലെ ജര്‍മഷ് കല്‍ദ് അല്‍-സബ ക്രോസിംഗ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചു. ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാന്‍ ഉപയോഗിക്കുന്ന ‘നൂതന പരമ്പരാഗത ആയുധങ്ങള്‍’ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണമെന്ന് അവകാശപ്പെട്ട് അമേരിക്ക- ബ്രിട്ടണ്‍ സംയുക്ത സൈന്യം, യെമന്റെ തലസ്ഥാനമായ സനയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും റെയ്ഡുകള്‍ നടത്തി.
ലെബനനിലെ തങ്ങളുടെ യുദ്ധം ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുള്ളതാണെന്നും ലെബനനെ മൊത്തത്തില്‍ ലക്ഷ്യം വച്ചുള്ളതല്ലെന്നുമുള്ള ഇസ്രായേലിന്റെ അവകാശവാദം തുടരുകയാണ്. ഭീകരരെ ലക്ഷ്യം വെച്ച് മൊസാദ് തകര്‍ക്കുന്നത് ആശുപത്രികളേയും അഭയാര്‍ത്ഥി ക്യാമ്പുകളെയുമാണെന്ന വസ്തുത പല അന്താരാഷ്ട്ര മാധ്യമങ്ങളും മറച്ചുവെയ്ക്കുകയാണ്. ഗാസയിലും ലെബനനിലും നടക്കുന്ന ഇസ്രയേലിന്റെ കൂട്ടക്കുരുതിയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ചിത്രം ഇതിലും ഇരട്ടിയാണ്. ഇസ്രയേലും ലെബനനും ഗാസയും ഉള്‍പ്പെടുന്ന പശ്ചിമ മധ്യേഷയില്‍ വര്‍ധിച്ചുവരുന്ന സായുധ സംഘര്‍ഷങ്ങള്‍ക്കും മനുഷ്യരുടെ കൂട്ടക്കുരുതികള്‍ക്കും എതിരെ യുഎന്‍ വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തി. ലെബനനിലും ഗാസയിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഒരു മനുഷ്യരാശിയെ മുഴുവനും ഉന്മൂലനം ചെയ്യുമെന്ന് യു.എന്‍ താക്കീത് നല്‍കി.
Also Read: റഷ്യ – യുക്രെയ്ൻ യുദ്ധം തീർക്കാൻ ട്രംപിൻ്റെ ഫോർമുല, നേട്ടമുണ്ടാക്കാൻ പോകുന്നത് ഇറാൻ !
യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പങ്ക് പൂര്‍ണ്ണമായി നിര്‍വഹിക്കുന്നതിനും, അക്രമവും ഏകപക്ഷീയമായ കുടിയിറക്കലും തടയുന്നതിനും, എല്ലാ ഭാഗത്തുമുള്ള സിവിലിയന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും, യുഎന്‍ രക്ഷാസമിതി ശക്തമായി ഇടപെടണമെന്ന് ഗാസ-ലെബനന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും യുഎന്നിന് ഇതുവരെ അതിന് സാധിച്ചിട്ടില്ല. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ഇസ്രയേല്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നത് എന്നും ലോകരാജ്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ശക്തമായി ഇതിലിടപെടാനോ, ഇസ്രയേലിനെ നിലയ്ക്ക് നിര്‍ത്താനോ യുഎന്നിന് കഴിഞ്ഞിട്ടില്ല.