തിരുവനന്തപുരം: വയനാട്ടില്‍ പേമാരി ദുരിതം വിതച്ചുവെങ്കിലും സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 1 ന് തുടങ്ങി 122 ദിവസം നീണ്ട തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ഇത്തവണ 13% മഴകുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 1748.2 മി. മീറ്റര്‍ മഴയാണ് 2018.6 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇക്കുറി ലഭിച്ചത്. 1326.1 മി.മീറ്റര്‍ മഴയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്
അതേസമയം, ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്(3023.3 mm). 15 ശതമാനം അധികമഴയാണ് കണ്ണൂരില്‍ പെയ്തത്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 866.3mm) ജില്ലയില്‍ ആണെങ്കിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 3% അധികം ഇത്തവണ ലഭിച്ചു. കാസറഗോഡ് ജില്ലയില്‍ 2603 mm മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 mm) മഴയെക്കാള്‍ 9% കുറവാണ് രേഖപെടുത്തിയത്.
Also Read: ഒടുവിൽ നിഷേധിക്കപ്പെട്ട റേഷൻ കാർഡ് മഹാദേവിക്ക് ലഭിച്ചു
ഇടുക്കി 33% ഉം വയനാട് 30 % ഉം കുറവ് മഴ രേഖപെടുത്തിയപ്പോള്‍ എറണാകുളത്ത് 27 ശതമാനം പത്തനംതിട്ട 15 ശതമാനം, കൊല്ലം 15 ശതമാനം, ആലപ്പുഴ 21 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്. സംസ്ഥാനത്ത് ജൂലൈയില്‍ മാത്രമാണ് കൂടുതല്‍ മഴ ലഭിച്ചത്. ജൂലൈ മാസത്തില്‍ 16 ശതമാനം അധികം പെയ്തു. അതേസമയം, ജൂണ്‍ ( -25%), ഓഗസ്റ്റ് ( -30%), സെപ്റ്റംബര്‍ ( -31%) കുറവ് മഴയാണ് രേഖപെടുത്തിയത്.