ഡല്‍ഹി: സംവരണത്തിന്റെ ആനുകൂല്യം മുസ്ലീം സമുദായത്തിന് ലഭ്യമാക്കാന്‍ വയനാട്ടില്‍ ഇടപാട് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച അദ്ദേഹം എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സംവരണം കോണ്‍ഗ്രസ് തട്ടിയെടുക്കുകയാണെന്നും ആരോപിച്ചു.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെത്താത്തതിന്റെ പേരില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനും മോദി മറന്നില്ല. ‘സര്‍വ്വശക്തന്റെ മേല്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ? ബിജെപിയെപോലുള്ള ഒരു സാധാരണ പാര്‍ട്ടി ശ്രീരാമന്റെ മുന്നില്‍ ഒന്നുമല്ല. ശ്രീരാമന്‍ എല്ലാവരുടെയും ആളായിരിക്കും. പിന്നെ എന്തിനാണ് അവര്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്? വോട്ട് ബാങ്ക് എന്ന അവരുടെ ഹിഡന്‍ അജണ്ട മറയ്ക്കാനാണിത്”, മോദി പറഞ്ഞു.
‘എന്റെ മനസ്സില്‍ ഒരു ചോദ്യമുണ്ട്. വയനാട്ടില്‍ മുസ്ലീങ്ങള്‍ക്ക് സംവരണത്തില്‍ വിഹിതം നല്‍കുമെന്നും പകരം വയനാട് സീറ്റില്‍ തങ്ങളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസിന്റെ കരാറുണ്ടായിട്ടുണ്ടോ? രാജ്യം ഇത് അറിയാന്‍ ആഗ്രഹിക്കുന്നു. എസ്സി, എസ്ടി, ഒബിസി എന്നിവര്‍ക്ക് ഭരണഘടന നല്‍കുന്ന സംവരണം തട്ടിയെടുക്കാനുള്ള വഴികള്‍ കോണ്‍ഗ്രസ് കണ്ടെത്തുകയാണോ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ലെന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.