ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളെയും ആത്മാഭിമാനത്തെയും സംരക്ഷിക്കേണ്ടത് ജനാധിപത്യ ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങള്‍ ഇന്ത്യയ്ക്ക് അതിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളില്‍ മങ്ങലേറ്റ് തുടങ്ങി എന്നതിന്റെ തെളിവുകളാണ്. എത്രമാത്രം കാവിവത്കൃത സ്വേച്ഛാധിപത്യ സാമൂഹിക സ്ഥിതിഗതികളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്ന പൊളിച്ചെഴുത്തുകള്‍ക്കും പൊളിച്ച് മാറ്റലുകള്‍ക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
ഇപ്പോഴിതാ, ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയ്ക്ക് സമീപത്തെ അഞ്ചുനില വരുന്ന സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് അക്രമസംഭവങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍. 50 ഓളം പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുമുണ്ട്. മതിയായ അനുമതി ഇല്ലാതെയാണ് പള്ളിയുടെ രണ്ട് നിലകള്‍ പണിതതെന്നാരോപിച്ച് ഷിംല മുനിസിപ്പാലിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പള്ളി പൊളിക്കല്‍ നടപടികളും തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയുടെ മതേതര ഐക്യത്തിനുമേല്‍ പ്രഹരമേല്പിച്ചുകൊണ്ട് തീവ്ര ഹിന്ദുത്വ വലതുപക്ഷ വാദികളുടെ പ്രവര്‍ത്തനഫലമായി പൊളിഞ്ഞുവീണ ബാബരി മസ്ജിദിനെയും, ഇന്ത്യന്‍ മതേതരത്വത്തിന് മേല്‍ ഉയര്‍ന്നുവന്ന രാമക്ഷേത്രത്തിനെയും നമുക്ക് മറക്കാന്‍ കഴിയില്ല.
1949 ഡിസംബര്‍ 29-ന് ജില്ലാ മജിസ്‌ട്രേറ്റ് കെ കെ നായര്‍ ബാബരി മസ്ജിദിനെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. പള്ളിയുടെ മുഖ്യകവാടം താഴിട്ടുപൂട്ടി മുസ്ലീങ്ങളെ ആരാധനയ്ക്കായി പള്ളിയില്‍ പ്രവേശിക്കുന്നത് ഉത്തരവ് മൂലം വിലക്കി. അതേസമയം ഒരുവശത്ത് തുറന്നവാതില്‍ വഴി ഹിന്ദുക്കള്‍ക്ക് ദര്‍ശനം നടത്താനുള്ള അനുമതിയും നല്‍കി. നാല് പുരോഹിതന്മാരെ നിയമിക്കുകയും അവര്‍ക്ക് പള്ളിക്കകത്തുള്ള വിഗ്രഹങ്ങള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള അനുമതി നല്‍കുകയും ചെയ്തു. ഇത് സാമുദായിക പ്രക്ഷോഭത്തിലേക്ക് വഴിതെളിയിച്ചു. ഇതിന് നേതൃത്വം വഹിച്ചത് അന്നത്തെ പ്രസിഡന്റ് ആയിരുന്ന എല്‍ കെ അദ്വാനി ആയിരുന്നു.
1990 അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രാമരഥ യാത്രയും സമുദായങ്ങള്‍ തമ്മിലുണ്ടായ കലാപവും, കൊലപാതകങ്ങളും, ചോരപ്പുഴയും ചരിത്രത്തിന്റെ ഭാഗമാണ്. മസ്ജിദ് സ്ഥിതി ചെയ്യുന്നയിടത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഹിന്ദു പരിഷത്തും, സംഘപരിവാര്‍ അനുബന്ധ സംഘടനകളും ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭത്തിന്റെ പിന്തുണയോടെയായിരുന്നു ഈ രഥയാത്ര. രാജ്യത്തിന്റെ ക്രമസമാധാനം നിലനിര്‍ത്തേണ്ട നേതാക്കള്‍ തന്നെ വര്‍ഗീയ പ്രക്ഷോഭത്തിന് തുടക്കമിടുന്നത് എന്ത് അപമാനകരമാണെന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. ഇതേത്തുടര്‍ന്നാണ് ബാബരി മസ്ജിദ് പൊളിക്കലിന് തുടക്കമിട്ടതും.
നീണ്ട സംഭവവികാസങ്ങളുടെ പരമ്പരയ്ക്ക് ശേഷം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഹിന്ദുത്വ വാദികളുടെ വാദം അംഗീകരിച്ച് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. അയോദ്ധ്യയിലെ ബാബരി കേവലമൊരു തര്‍ക്കഭൂമി മാത്രമായിരുന്നില്ല. അത് രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രൂപപ്പെടലിന്റെ ഭാഗം കൂടിയായിരുന്നു.
ബാബരി മസ്ജിദിന് പിന്നാലെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ വീഡിയോ സര്‍വെയില്‍ പള്ളി പരിസരത്ത് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗക്കാര്‍ അവകാശപ്പെടുകയായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയില്‍ ഹിന്ദു ദേവതകളുടെ ശില്പ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും, ഒരു ക്ഷേത്രത്തിന്റെ തൂണുകളിലും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തി പള്ളി നിര്‍മിക്കുകയുമായിരുന്നു എന്നുമായിരുന്നു കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി പതിനാറാം നൂറ്റാണ്ടില്‍ ഉത്തര്‍പ്രദേശിലെ ഷാഹി മസ്ജിദ് 2023 ജനുവരി 9 ന് റോഡ് വീതി കൂട്ടുന്ന പദ്ധതി പ്രകാരം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തിരുന്നു. ഇതിന് പുറമെ ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ഉത്തര്‍പ്രദേശിലെ ബുഡൗണില്‍ സ്ഥിതി ചെയ്യുന്ന ഷംസി ജുമാ മസ്ജിദ് കഴിഞ്ഞവര്‍ഷം തര്‍ക്കവിഷയമാക്കുകയും പത്താം നൂറ്റാണ്ടില്‍ പൊളിച്ചു മാറ്റിയ ശിവക്ഷേത്രത്തിന് മേല്‍ നിര്‍മിച്ച നിയമ വിരുദ്ധമായ ഘടനയാണെന്ന് ആരോപിച്ച് ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണി കഴിപ്പിച്ച ചരിത്ര പ്രസിദ്ധമായ താജ് മഹലിന് നേരെയും വിദ്വേഷ പ്രചരണം ഉണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം ബുക്ക് ലെറ്റില്‍ നിന്നും താജ് മഹലിനെ ഒഴിവാക്കിയതിന് പിന്നാലെ ബിജെപി സര്‍ദാന ജനപ്രതിനിധി സംഗീത് സോം ‘താജ് മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹിയാണെന്നും, താജ് മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തിരുത്തപ്പെടണമെന്നും, ഹിന്ദുക്കളെ തുടച്ചു നീക്കാന്‍ നിന്നയാളാണ് ഇതിന്റെ ചക്രവര്‍ത്തി ‘ എന്നുമുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകള്‍ താജ് മഹല്‍ ഹിന്ദു ആരാധനാലയമാണെന്നും അവകാശപ്പെടുന്നുണ്ട്.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളെ വേട്ടയാടിക്കൊണ്ടുള്ള നടപടികള്‍ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ രീതികളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബിജെപി സര്‍ക്കാരിന്റെ കരുനീക്കങ്ങള്‍. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷ പ്രചരണങ്ങളും, പരാമര്‍ശങ്ങളും, വേട്ടയാടലുകളും ക്രമാസമാധാനത്തിന്റെ ഉത്തരവാദിത്തമുള്ള ഭരണ സംവിധാനങ്ങള്‍ തന്നെ നടത്തുന്നത് രാജ്യത്തിനിപ്പോള്‍ പുതുമയുള്ള കാര്യമല്ല! ഭിന്നിപ്പിന്റെ രാഷ്ട്രീയവിത്തുകള്‍ പാകുന്നവര്‍ വെറുപ്പിന്റെയും പകയുടെയും അതിര് കൂടിയാണ് നിര്‍മിക്കുന്നത്.
REPORT : BAHIRA K