ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം സത്രീകളിലുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. സ്ത്രീ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രോഗം തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികിത്സ തേടേണ്ടതും പ്രധാനമാണ്. പി.സി.ഒ.എസ്. ഉള്ളവരിൽ ഈറ്റിങ് ഡിസോർഡർ കൂടുതലാണെന്നാണ് പുതിയൊരു പഠനത്തിൽ വ്യക്തമാക്കുന്നത്.
എന്നാൽ പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ ഈറ്റിങ് ഡിസോർഡറിനുള്ള സാധ്യത അമ്പതുശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. അസോസിയേറ്റ് പ്രൊഫസറായ ലോറ ക്യൂനിയുടെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. ഇതിൽ പി.സിയ.ഒ.എസ്. ഉള്ളവരിൽ ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ പോലുള്ള ഈറ്റിങ് ഡിസോർഡറുകൾക്ക് സാധ്യത കൂടുതലാണെന്ന് ഗവേഷണത്തിൽ പറയുന്നു.
എന്നാൽ പി.സി.ഒ.എസ്. ഉള്ള നിരവധി സ്ത്രീകൾ വണ്ണക്കൂടുതൽ മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അത് മാനസികാവസ്ഥയെ തളർത്തുകയും ഈറ്റിങ് ഡിസോർഡറിലേക്ക് നയിക്കുന്നതായും കണ്ടുവരുന്നുണ്ട്-ലോറ പറയുന്നു.
ഗവേഷണത്തിനായി ഒമ്പതു രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച ഇരുപതോളം പഠനങ്ങളെ കേന്ദ്രീകരിച്ചാണ് ലോറയും സംഘവും ഗവേഷണം നടത്തിയത്. പി.സി.ഒ.എസ്. ഉള്ള 29,000 സ്ത്രീകളേയും ഇല്ലാത്ത 2.5ലക്ഷം സ്ത്രീകളേയുമാണ് പഠനത്തിന്റെ ഭാഗമാക്കിയത്. ഇതിൽ പി.സി.ഒ.എസ്. രോഗലക്ഷണങ്ങളുള്ള സ്ത്രീകൾക്ക് ജീവിതരീതിയിൽ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാരീതി നിർദേശിക്കും മുമ്പ് ഈറ്റിങ് ഡിസോർഡറുണ്ടോ എന്നതുകൂടി കണക്കിലെടുക്കണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
നോക്കാം എന്താണ് ഈറ്റിങ് ഡിസോർഡർ?
നമ്മുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കും വിധത്തിൽ ഭക്ഷണക്രമത്തിലുണ്ടാകുന്ന താളക്രമവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളുമാണ് ഈറ്റിങ് ഡിസോർഡർ. ഇതിൽ അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട്. റിപ്പോർട്ടുകൾ പറയുന്നത് ഈറ്റിങ് ഡിസോർഡർ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്തേക്കാം. മനഃശാസ്ത്രപരമായ ഈ അവസ്ഥ ശാരീരിക അവസ്ഥയെയും സാരമായി ബാധിക്കാം. ജൈവശാസ്ത്രപരം, ജനിതകം , മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ് ഈറ്റിങ് ഡിസോർഡർ ഉണ്ടാകുന്നത്. ഒരാൾ തന്റെ ശരീരത്തിന് ആവശ്യമായതിലും അധികം ഭക്ഷണം കഴിക്കുന്നതും ആ അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതുമൊക്കെ ഇത്തരത്തിൽ ഈറ്റിങ് ഡിസോർഡറിന്റെ പരിധിയിൽ വരും.
ഈറ്റിങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ മനസ്സിലാക്കാം
അമിതമായി വണ്ണം കുറയൽ
പൊതുവിടത്തിൽ ഭക്ഷണംകഴിക്കാനുള്ള ആശങ്ക
ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഡയറ്റിങ് എന്നിവയെക്കുറിച്ചുള്ള വ്യഗ്രത
അമിതവണ്ണം വെക്കുമോ എന്ന ഭയം
ഭക്ഷണത്തിന്റെ അളവ് നന്നേ കുറയ്ക്കുക
അമിതമായി വ്യായാമം ചെയ്യൽ
വയർവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ
തലകറക്കം
എപ്പോഴും തണുപ്പ് അനുഭവപ്പെടൽ
ഉറക്കത്തിലെ ക്രമക്കേട്
ആർത്തവ ക്രമക്കേടുകൾ
മസിലുകൾ ക്ഷയിക്കുന്നത്
പ്രതിരോധശേഷി കുറയൽ
ഈറ്റിങ് ഡിസോർഡറിന്റെ ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ ഉപദേശം തേടണം.