ഫ്ലോറിഡ: ആകെ വെറും എട്ട് ദിവസം മാത്രം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാസയുടെ സഞ്ചാരികളായ ബുച്ച് ബിൽമോറും സുനിത വില്യംസും ഇതോടെ 70 ദിവസം അവിടെ പിന്നിട്ടുകഴിഞ്ഞു. ബോയിങിൻറെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ തകരാർ കാരണമാണ് ഇരുവരുടെയും മടക്ക യാത്ര ഇത്ര വൈകുന്നത്. ഭൂമിയിലേക്ക് തിരിച്ചെത്താൻ വൈകുന്ന ഇരുവരും എന്താണ് ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്?
ഇത്തരത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സഞ്ചാരികളെല്ലാം മാസങ്ങൾ നീണ്ട പ്രത്യേക പരിശീലനവും തയ്യാറെടുപ്പുകളും നടത്താറുണ്ട്. സംഭവിക്കാൻ സാധ്യതയുള്ള പ്രശനങ്ങളെ അഭിമുഖീകരിക്കാൻ കഠിന പരിശീലനവും എന്ത് വെല്ലുവിളിയും നേരിടാനായുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും നടത്തിയാണ് ബുച്ച് വിൽമോറും സുനിൽ വില്യംസും ബഹിരാകാശ നിലയത്തിൽ എത്തിയിരിക്കുന്നത്. സ്റ്റാർലൈനറിൻറെ സാങ്കേതിക തകരാർ കാരണം അവിടെ തുടരുന്ന ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻറെ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവ പങ്കാളികളാണ്.
ഇരുവരും തിരക്കിലാണ്..
നിലവിൽ അമേരിക്കൻ നേവിയുടെ മുൻ ടെസ്റ്റ് പൈലറ്റുമാരാണ് ബുച്ച് വിൽമോറും സുനിത വില്യംസും. അതിനാൽ തന്നെ ഏറെ സാങ്കേതിക പരിജ്ഞാനം ഇരുവർക്കുണ്ട്. ഇതാണ് ഇരുവരെയും സ്റ്റൈർലൈനറിൻറെ ആദ്യ ദൗത്യത്തിന് (ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്- CFT) തെരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണം. മുമ്പ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള ഇന്ത്യൻ വംശജയായ സുനിതയാവട്ടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ച് ഏറെ സുപരിചിതയാണ്.
നിലവിൽ സ്റ്റാർലൈനറിൻറെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ലോഞ്ചിന് മുമ്പുതന്നെ അടിയന്തര ഘട്ടങ്ങളിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെയ്യേണ്ടിവരുന്ന പ്രവർത്തനങ്ങളെ കുറിച്ച് ബുച്ച് വിൽമോറിനെയും സുനിത വില്യംസിനെയും നാസ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽതന്നെ എന്തും നേരിടാൻ പൂർണ സജ്ജരാണ് ഇവർ എന്നാണ് നാസയുടെ ചീഫ് ആൻട്രോണറ്റ് ജോ അകാബയുടെ വാക്കുകൾ. അതേസമയം ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ദൗത്യത്തിനുള്ള സഞ്ചാരികളെ തെരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിച്ചയാളാണ് ജോ. ബുച്ചും സുനിതയും ഗംഭീര ജോലിയാണ് അവിടെ ചെയ്യുന്നത്. തങ്ങൾ മാനസികമായും ശാരീരികമായും ഫിറ്റാണ് എന്നും അദേഹം കൂട്ടിച്ചേർത്തു.
കൂടാതെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ചുമതലകളിൽ സമ്പൂർണ പരിശീലനം സുനിത വില്യംസിനും ബുച്ച് വിൽമോറിനും ലഭിച്ചിട്ടുണ്ട്. നിലയത്തിലുള്ള സമയം അവർ അവിടുത്തെ മെയിൻറനൻസ് ജോലികളിൽ വളരെ സജീവമാണ്. അതേസമയ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നാല് മാസത്തേക്കുള്ള ഭക്ഷണവും ഓക്സിജനും അടിയന്തര സാമഗ്രികളും ഉണ്ട് എന്നുമാണ് രാജ്യാന്തര ബഹിരാകാശ നിലയം പ്രോഗ്രാം മാനേജർ ഡാന വീഗൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കൂടാതെ ബഹിരാകാശ നിലയത്തിലുള്ള ഇരുവരുടെയും ആരോഗ്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതുകൂടാതെ എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം നഷ്ടമാകാതിരിക്കാൻ മതിയായ വ്യായാമം ബുച്ച് വിൽമോറും സുനിത വില്യംസും ചെയ്തുവരികയാണ്.