പ്രളയദുരിതത്തില്‍ നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്ക് മതിയായ ബയോ ടോയിലറ്റുകള്‍ ഒരുക്കണമെന്ന് ഹൈക്കോടതി

പ്രളയദുരിതത്തില്‍ നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്ക് മതിയായ ബയോ ടോയിലറ്റുകള്‍ ഒരുക്കണമെന്ന് ഹൈക്കോടതി
പ്രളയദുരിതത്തില്‍ നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്ക് മതിയായ ബയോ ടോയിലറ്റുകള്‍ ഒരുക്കണമെന്ന് ഹൈക്കോടതി

നാല് വര്‍ഷം മുമ്പ് പ്രളയത്തില്‍ പാലം തകര്‍ന്ന് നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങള്‍ക്ക് മതിയായ ബയോ ടോയിലറ്റുകള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. ഇത് നടപ്പാക്കി സര്‍ക്കാര്‍ ജൂലൈ 17ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന് നാല് വര്‍ഷമായി വനത്തില്‍ ദുരിതജീവിതം നയിക്കുന്ന നിലമ്പൂരില്‍ പ്രളയത്തില്‍ പാലവും വീടുകളും തകര്‍ന്ന് വനത്തില്‍ ഒറ്റപ്പെട്ട ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും വാണിയമ്പുഴ നഗറിലെ സുധ വാണിയമ്പുഴയുമാണ് പൊതുതാല്‍പര്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പാലവും വീടും ശുചിമുറി സൗകര്യങ്ങളും കുടിവെള്ളലഭ്യതപോലുമില്ലാതെ ഉള്‍വനത്തില്‍ കഴിയുന്ന ആദിവാസികളുടെ ദുരിതജീവിതം വ്യക്തമാക്കി മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി രണ്ടാഴ്ചക്കകം കുടിവെള്ളവും ആവശ്യമായ ബയോ ടോയിലറ്റുകളും കോളനികളില്‍ ലഭ്യമാക്കണമെന്ന് ആഗസ്റ്റ് 17ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാതിരുന്നതോടെ ആഗസ്റ്റ് 19നകം ആവശ്യമായ എണ്ണം ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കാനും കുടിവെള്ള സൗകര്യം ലഭ്യമാക്കാനും കര്‍ശന ഉത്തരവും നല്‍കിയിരുന്നു. ഹൈക്കോടതി ആവര്‍ത്തിച്ച് ഉത്തരവിട്ടിട്ടും മതിയായ ബയോ ടോയിലറ്റ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. പിയൂസ് എ കൊറ്റം കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് 300 കുടുംബങ്ങള്‍ക്ക് മതിയായ ബയോ ടോയിലറ്റുകള്‍ ഒരു മാസത്തിനകം ഒരുക്കിയ ശേഷം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

2019ലെ പ്രളയത്തിലാണ് ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി ഇരുട്ടുകുത്തി കടവില്‍ പാലം ഒലിച്ചുപോയി മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി നഗറുകാർ ഒറ്റപ്പെട്ടത്. പ്രളയത്തില്‍ ഒലിച്ചുപോയ പാലം പുനര്‍നിര്‍മ്മിച്ചിട്ടില്ല. പുഴ കടക്കാന്‍ ചങ്ങാടമാണ് ആശ്രയം. മണ്‍സൂണ്‍ സമയത്ത് മൂന്നു മാസത്തോളം ഇവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാവാതെ പഠനവും മുടങ്ങുന്നു. മഴക്കാലത്ത് പുഴ നിറയുമ്പോള്‍ ചങ്ങാടം ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.സമാനമായ ദുരിതാവസ്ഥയാണ് വഴിക്കടവ് പഞ്ചായത്തിലെ ഉള്‍വനത്തിലെ പുഞ്ചകൊല്ലി, അളക്കല്‍ നഗർവാസികൾക്കുമുള്ളത്. 2018ലെ പ്രളയത്തില്‍ പുന്നപ്പുഴക്ക് കുറെകെയുള്ള ഇരുമ്പുപാലവും വീടുകളും തകര്‍ന്നതോടെയാണ് ഇരു നഗറുകാരും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടത്. ഇവര്‍ക്കും മുളകൊണ്ടുള്ള ചങ്ങാടമാണ് പുഴകടക്കാന്‍ ആശ്രയം. 2019ലെ പ്രളയത്തില്‍ കരിമ്പുഴ ഗതിമാറി ഒഴുകിയാണ് കരുളായി പഞ്ചായത്തിലെ വട്ടികല്ല്, പുലിമുണ്ട നഗറിലുള്ളവരുടെ വീടുകള്‍ നഷ്ടമായത്. ഇവരും ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടിയ കുടിലുകളിലാണ് കഴിയുന്നത്. കേസ് ജൂലൈ 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Top