ബെംഗളൂരു: ന്യൂനപക്ഷ വോട്ടുകള്‍ നേരത്തേ തന്നെ ജെഡിഎസ്സില്‍ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്ന് എച്ച് ഡി കുമാരസ്വാമി. അത് ബിജെപി സഖ്യം കൊണ്ടുണ്ടായതല്ല. ആ വോട്ട് പോയതില്‍ ഖേദമില്ലെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ താഴേത്തട്ടില്‍ ജെഡിഎസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. 28-ല്‍ 28 സീറ്റും നേടി എന്‍ഡിഎ സഖ്യം ഇത്തവണ കര്‍ണാടക തൂത്തുവാരും.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗ്യാരന്റികള്‍ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം, പക്ഷേ വിജയിക്കാനാകില്ല. സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ബെംഗളുരു റൂറലിലെ ഡോ. സിഎന്‍ മഞ്ജുനാഥ അടക്കം എല്ലാവരും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കര്‍ണാടകയില്‍ 28-ല്‍ 28 സീറ്റും എന്‍ഡിഎ മുന്നണി നേടുമെന്നും കുമാരസ്വാമി പറഞ്ഞു.
വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു മറുപടി. നിലവില്‍ എല്ലാ സീറ്റുകളിലും വിജയമുറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസ് ഗ്യാരന്റികള്‍ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം. പക്ഷേ അതൊന്നും വിജയത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കില്ല. പല കാര്യങ്ങളിലും നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ എതിര്‍പ്പ് ശക്തമാണ്. മണ്ഡ്യ, കോലാര്‍ പോലുള്ള ന്യൂനപക്ഷങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ നേരത്തേ തന്നെ കൊഴിഞ്ഞുപോക്കുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ ഞങ്ങളെത്തുന്നതിന് മുമ്പേ തന്നെ. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവോട്ടുകള്‍ കുറയുന്നത് ജെഡിഎസ്സിനെ ബാധിക്കില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.