എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

ജോലി സമ്മർദ്ദമാണ് മരണ കാരണമെന്ന് സഹപ്രവർത്തകർ പറഞ്ഞു

എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

ലഖ്‌നൗ: എച്ച്‌ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ മരിച്ചു. കസേരയിൽ നിന്ന് താഴെ വീണ് തൽക്ഷണം മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ വിഭൂതിഖണ്ഡ് ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് സദഫ് ഫാത്തിമ (45) ആണ് മരിച്ചത്. ജോലി സമ്മർദ്ദമാണ് മരണ കാരണമെന്ന് സഹപ്രവർത്തകർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് വിഭൂതിഖണ്ഡ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ രാധാരാമൻ സിംഗ് പറഞ്ഞു.

സദഫ് ഫാത്തിമ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ പെട്ടെന്ന് കസേരയിൽ നിന്ന് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വസീർ ഗഞ്ച് സ്വദേശിയാണ് ഫാത്തിമ.

അമിത ജോലി ഭാരം കാരണം മലയാളി സി എ അന്ന സെബാസ്റ്റ്യൻ മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. സംഭവം അത്യന്തം ആശങ്കാജനകമാണെന്നും രാജ്യത്തിലെ നിലവിലെ സാമ്പത്തികാവസ്ഥയുടെ സമ്മർദ്ദത്തിൻറെ പ്രതിഫലനമാണിതെന്നും സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. കമ്പനികളും സർക്കാർ വകുപ്പുകളും മുൻഗണനകളും തൊഴിൽ സാഹചര്യങ്ങളും പുനർനിർണയിക്കേണ്ടതിൻറെ ആവശ്യകതയാണ് ഈ ദുരന്തം ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സർക്കാരിൻറെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ഏതൊരു രാജ്യത്തിൻറെയും പുരോഗതിയുടെ യഥാർത്ഥ അളവുകോൽ സേവനങ്ങളുടെയോ ഉൽപ്പന്നങ്ങളുടെയോ കണക്കുകളിലെ വർദ്ധനവല്ലെന്നും മറിച്ച് ഒരു വ്യക്തി എത്രമാത്രം മാനസികമായി സ്വതന്ത്രനും ആരോഗ്യവാനും സന്തുഷ്ടനുമാണ് എന്നതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Top