കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവ് രാഹുലിനായി തെരച്ചില്‍. കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലാണ് (29) വിവാഹം കഴിഞ്ഞ് ആറാംദിവസം ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായത്. രാഹുല്‍ ജര്‍മനിയില്‍ എന്‍ജിനിയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. കാറും കൂടുതല്‍ സ്ത്രീധനവും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.
യുവതിയുടെ വീട്ടുകാര്‍ ഒരാഴ്ചകഴിഞ്ഞ് മകളെ കാണാനെത്തിയപ്പോഴായിരുന്നു അവശനിലയില്‍ കണ്ടത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ്, ക്രൂരമായി മര്‍ദിച്ചതാണെന്നറിഞ്ഞ അച്ഛന്‍ ഉടനെ അവളെ ആശുപത്രിയിലെത്തിച്ചു. ശേഷം പോലീസില്‍ പരാതിനല്‍കാനെത്തിയപ്പോള്‍ മോശം അനുഭവമാണുണ്ടായത്. സ്ത്രീധനമാവശ്യപ്പെട്ട് മര്‍ദിച്ച രാഹുലിനെ റിമാന്‍ഡ് ചെയ്യാതെ ഗാര്‍ഹികപീഡനക്കേസ് മാത്രം ചുമത്തിയത് ചോദിച്ചപ്പോള്‍ റിമാന്‍ഡ് ചെയ്യാന്‍ നിയമമുണ്ടോ എന്ന് തിരിച്ചുചോദിച്ചതായും അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം മുഖ്യമന്ത്രി, വനിതാ കമ്മിഷന്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പന്തീരാങ്കാവ് പൊലീസ് തുടക്കത്തില്‍ കേസെടുക്കാന്‍ വിമുഖത കാണിച്ചതായും ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.