CMDRF

‘മക്കളുടെ കാര്യത്തിൽ അദ്ദേഹം ഇടപെടാറില്ല, പക്ഷേ’; എ.ആർ.റഹ്മാൻ മക്കൾക്കു നൽകുന്ന ഉപദേശങ്ങൾ

‘മക്കളുടെ കാര്യത്തിൽ അദ്ദേഹം ഇടപെടാറില്ല, പക്ഷേ’; എ.ആർ.റഹ്മാൻ മക്കൾക്കു നൽകുന്ന ഉപദേശങ്ങൾ
‘മക്കളുടെ കാര്യത്തിൽ അദ്ദേഹം ഇടപെടാറില്ല, പക്ഷേ’; എ.ആർ.റഹ്മാൻ മക്കൾക്കു നൽകുന്ന ഉപദേശങ്ങൾ

ലോകപ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലയായി മകളും ഗായികയും സംഗീതസംവിധായികയുമായ ഖദീജ റഹ്മാൻ. മകളെന്ന നിലയിൽ തന്റെ സംഗീതജീവിതത്തിൽ അദ്ദേഹം നൽകിയ ഉപദേശത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്താഗതികളെക്കുറിച്ചുമെല്ലാം ഖദീജ മനസ്സു തുറന്നു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാനെക്കുറിച്ച് മകൾ വാചാലയായത്. സംഗീതത്തിൽ താൻ പിന്തുടരുന്ന രീതിയെക്കുറിച്ചും അതിൽ റഹ്മാൻ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുമെല്ലാം ഖദീജ വെളിപ്പെടുത്തി.

‘ഞാൻ അദ്ദേഹത്തിന്റെ ഒരുപാട് നല്ല പാട്ടുകൾ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി സിനിമകൾ കണ്ടു. ആ സിനിമകളുടെ പശ്ചാത്തലസംഗീതവും രചനകളുമെല്ലാം ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. അവയെല്ലാം ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നു. എന്റെ പിതാവിന്റെ പാട്ടുകൾ മാത്രമല്ല, ഹോളിവുഡ് ചിത്രങ്ങളിലേത് ഉൾപ്പെടെ വിവിധതരം സംഗീതം ഞാൻ ഇപ്പോഴും ആസ്വദിക്കാറുണ്ട്. ഞാൻ ഇപ്പോഴും സംഗീതം പഠിക്കുന്നു. എന്റെ അധ്യാപിക അമേരിക്കയിലാണ്. അവർ നല്ലൊരു സംഗീതസംവിധായിക കൂടിയാണ്.

മേഖലകളിലെ ട്രെൻഡുകൾ വളരെ പെട്ടെന്ന് അവസാനിക്കുമെന്നും അതിനാൽ എല്ലാവരും പിന്തുടരുന്ന ട്രെൻഡുകൾ ഒഴിവാക്കി, സ്വന്തമായി പുതിയവ കണ്ടെത്തണമെന്നുമുള്ള ഉപദേശം പിതാവ് എനിക്കു നൽകിയിട്ടുണ്ട്. അതോടൊപ്പം സംവിധായകന്റെ കാഴ്ചപ്പാട് മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യണമെന്നും അദ്ദേഹം പറ‍ഞ്ഞു. സംഗീതത്തെക്കുറിച്ച് തനിക്ക് ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് അടുത്തിടെ അദ്ദേഹം താഴ്മയോടെ പറഞ്ഞത് എനിക്കു ഇനിയും മറക്കാനാവില്ല. തനിക്കു സംഗീതത്തെക്കുറിച്ചു കൂടുതൽ അറിയില്ലെന്നും അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം എന്നോടും മറ്റു കുടുംബാംഗങ്ങളോടും പറഞ്ഞു.

തന്റെ മക്കളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഇടപെടാറില്ല. എന്നാൽ ഞങ്ങൾക്ക് ഉപദേശമോ പിന്തുണയോ ആവശ്യമുണ്ടെങ്കിൽ എപ്പോഴും അദ്ദേഹം ഞങ്ങളുടെ സമീപസ്ഥനാണ്. ഞാൻ എന്റെ കരിയർ തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം വലിയ ഇതിഹാസസംഗീതജ്ഞനായി പേരെടുത്തിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹവുമായുള്ള താരതമ്യ ചർച്ചകളോട് എനിക്കു താൽപര്യമില്ല. എനിക്ക് നല്ല രീതിയിൽ ജോലി ചെയ്തേ പറ്റൂ. കാരണം, പിതാവിനും മറ്റു കുടുംബാഗങ്ങൾക്കും അഭിമാനമായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച ‘മിൻമിനി’യുടെ പ്രീമിയറിന് എന്റെ പിതാവ് വന്നിരുന്നു. സിനിമ കണ്ടതിനു ശേഷം ഹസ്തദാനം നൽകി അദ്ദേഹം എന്നോടു പറഞ്ഞു ‘വളരെ മികച്ച രീതിയിൽ നീ ജോലി ചെയ്തു’ എന്ന്’, ഖദീജ റഹ്മാൻ പറഞ്ഞു.

അതേസമയം 2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്മാൻ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായിരുന്നു അത്. പാട്ടിനു വരികൾ കുറിച്ചത് മുന്ന ഷൗക്കത്ത് അലിയാണ്. ‘ഫരിശ്തോ’ സംഗീതലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ഗാനം കൂടിയാണ്. ഈ ഗാനത്തിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരവും ഖദീജ നേടിയിരുന്നു. അതിനിശേഷമാണ് ‘മിൻമിനി’യിലൂടെ സംഗീതസംവിധാനത്തിലും ഖദീജ ഹരിശ്രീ കുറിച്ചത്. അതേസമയം ചിത്രത്തിന്റെ സംവിധായിക ഹലിത ഷമീം ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പാട്ട് കമ്പോസിങ്ങിനിടെയുള്ള ഖദീജയുടെ ചിത്രവും വൈറലായിരുന്നു.

Top