ഹൈദരാബാദ്: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തന്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അലവന്‍സുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. തന്റെ ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നവീകരണത്തെക്കുറിച്ചും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനെക്കുറിച്ചും തന്നോട് ചോദിച്ചെങ്കിലും താന്‍ നിരസിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പ് ഓഫീസിന്റെ അറ്റകുറ്റപ്പണി വേണ്ടെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങരുതെന്നും നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തേക്ക് സഭയില്‍ ഹാജരാകുന്നതിന് 35,000 രൂപ ശമ്പളവുമായി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട രേഖകളില്‍ ഒപ്പ് വാങ്ങാനാണ് വന്നത്. എന്നാല്‍, ശമ്പളം വേണ്ടെന്ന് പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ താന്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് രാജ് വകുപ്പിന് മതിയായ ഫണ്ട് ഇല്ലെന്നതാണ് ഈ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.