CMDRF

ചൂതാട്ടം കടക്കെണിയിലാക്കി, കടം വീട്ടാൻ ശവകൂടീരം തോണ്ടി

ചൂതാട്ടം കടക്കെണിയിലാക്കി,  കടം വീട്ടാൻ  ശവകൂടീരം തോണ്ടി
ചൂതാട്ടം കടക്കെണിയിലാക്കി,  കടം വീട്ടാൻ  ശവകൂടീരം തോണ്ടി

ചൂതാട്ടം, ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇതിനകം വഴിയാധാരമാക്കിയത്. ചൂതാട്ടത്തിൽ ഏർപ്പെടുമ്പോൾ ആദ്യം കുറച്ച് പണം ലഭിക്കുന്നു. ഇതോടെ ആവേശം കയറി കൂടുതൽ പണം ചൂതാട്ടത്തിൽ നിക്ഷേപിക്കുന്നു. ഇതോടെ മുഴുവൻ പണവും നഷ്ടപ്പെടുന്നു. പിന്നെ ഇങ്ങനെ നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായി എന്തും ചെയ്യാൻ മടിക്കാത്തവരായി മനുഷ്യൻ മാറുന്നു. ചൂതാട്ടവുമായി ബന്ധപ്പെട്ട തൊണ്ണൂറ് ശതമാനം കഥകളിലും ഇത് തന്നെയാണ് അവസ്ഥ. സമാനമായ ഒരു സംഭവം അങ്ങ് വിയറ്റ്നാമിൽ ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബർ 9 ന് ചൂതാട്ടത്തിൽ നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായി സ്വന്തം അമ്മാവൻറെ മൃതദേഹം കുഴിയിൽ നിന്നും തോണ്ടി പുറത്തെടുത്ത യുവാവിനെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു.

താൻ ഹോ പ്രവിശ്യയിൽ താമസിക്കുന്ന ലു താൻ നാം എന്ന 37കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൂതാട്ടം കളിച്ച് ഉണ്ടാക്കിയ കടം വീട്ടാനായി ഇയാൾ അമ്മാവൻറെ ശവക്കല്ലറയിൽ നിന്നും അസ്ഥികൾ മോഷ്ടിക്കുകയും അവ തിരിച്ച് വേണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. അമ്മാവൻറെ അസ്ഥികൾക്ക് പകരമായി 5 ബില്യൺ വിയറ്റ്നാമീസ് ഡോംഗ് ആണ് ലു താൻ നാം ആവശ്യപ്പെട്ടത്. വാർത്ത വിയറ്റ്നാമീസ് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചത്. ലു താൻ നാമിൻറെ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ അമ്മാവൻ ഹോയിയുടെ കുഴിമാടം ബന്ധുക്കൾ പരിശോധിച്ചു. അവിടെ ശവപ്പെട്ടിയിലേക്ക് ഒരു ദ്വാരം നിർമ്മിച്ചതായി കണ്ടെത്തി. ഇതേ തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചതിന് പിന്നാലെ, കുറ്റവാളി ലു താൻ നാം ആണെന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ താനാണ് കുറ്റം ചെയ്തതെന്ന് അയാൾ സമ്മതിച്ചു. ചൂതാട്ടത്തിൽ നിന്നും ഉണ്ടാക്കിയ കടം വീട്ടാൻ മറ്റൊരു മാർഗ്ഗവും കണ്ടില്ലെന്നും ലു താൻ നാം പോലീസിനോട് പറഞ്ഞു. പിന്നാലെ, പോലീസ് അസ്ഥികൾ കണ്ടെത്തി കുടുംബത്തിന് തിരികെ നൽകി. വിയറ്റ്നാമീസ് പാരമ്പര്യമനുസരിച്ച്, ഒരു ശവകുടീരം ഏതെങ്കിലും തരത്തിൽ ശല്യപ്പെടുത്തുന്നത് അങ്ങേയറ്റം അനാദരവായി കണക്കാക്കുന്നു. ശവക്കുഴി കുഴിക്കുന്നത് മരിച്ചയാളുടെ ആത്മാവിന് അസ്വസ്ഥതയുണ്ടാക്കും. ഇത് അവരുടെ ബന്ധുക്കളുടെ ജീവിതത്തെ ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പോലീസ് തിരികെ ഏൽപ്പിച്ച അസ്ഥികൾ ആചാരാനുഷ്ഠാനങ്ങളോടെ വീണ്ടും സംസ്കാരിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Top