താന്‍ ഒരു തീവ്രവാദിയല്ല; ഒരു തീവ്രവാദിയെ പോലെയാണ് തന്നെ ജയിലില്‍ കാണുന്നത്: അരവിന്ദ് കെജ്രിവാള്‍

താന്‍ ഒരു തീവ്രവാദിയല്ല; ഒരു തീവ്രവാദിയെ പോലെയാണ് തന്നെ ജയിലില്‍ കാണുന്നത്: അരവിന്ദ് കെജ്രിവാള്‍
താന്‍ ഒരു തീവ്രവാദിയല്ല; ഒരു തീവ്രവാദിയെ പോലെയാണ് തന്നെ ജയിലില്‍ കാണുന്നത്: അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി : താന്‍ ഒരു തീവ്രവാദിയല്ലെന്നും ഒരു തീവ്രവാദിയെ പോലെയാണ് തന്നെ ജയിലില്‍ കാണുന്നതെന്നും അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം. കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളാണ് അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്. മാധ്യമങ്ങളുമായുള്ള കൂടികാഴ്ച്ചയില്‍ ഇതേ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാവുകയും പിന്നീട് ജയില്‍ മോചിതനാവുകയും ചെയ്ത ആം ആദ്മി എംപി സഞ്ജയ് സിങ്ങും പങ്കെടുത്തു.’ശരിയായ കൂടി കാഴ്ച്ചയ്ക്ക് ജയിലില്‍ അവസരമൊരുക്കുന്നില്ല. ഗ്‌ളാസ് ഭിത്തിയില്‍ വേര്‍പ്പെടുത്തി ടെലിഫോണ്‍ വഴിയാണ് സംഭാഷണം നടത്തുന്നത്. ജയിലില്‍ ഒരു പ്രതിയ്ക്ക് കിട്ടേണ്ട അവകാശം പോലും ഹനിക്കുന്നു.’ സഞ്ജയ് സിങ് പറഞ്ഞു. തന്നെ നേരിട്ട് കാണാന്‍ അനുവദിച്ചില്ലെന്നും ഗ്ലാസ് ഭിത്തിക്കപ്പുറത്ത് മിനിറ്റുകള്‍ മാത്രമാണ് സമയം തന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ ഭഗവന്ത് മാനും നേരത്തെ ആരോപിച്ചിരുന്നു.

ഇന്നലെ കോടതിയില്‍ നിന്ന് അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി നേരിട്ടിരുന്നു .കേന്ദ്ര ഏജന്‍സികള്‍ വഴി തന്നെയും പാര്‍ട്ടിയെയും വേട്ടയാടുകയാണെന്നുമുള്ള കെജ്രിവാളിന്റെ വാദം കോടതി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 23 വരെ നീട്ടുകയും ചെയ്തിരുന്നു. കെജ്രിവാളിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാര്‍ച്ച് 21നാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റ് ആം ആദ്മി പാര്‍ട്ടിയുടെയും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു .

ഏപ്രില്‍ 9 ന് ഡല്‍ഹി ഹൈക്കോടതി ആം ആദ്മി പാര്‍ട്ടി കണ്‍വീനറുടെ അറസ്റ്റ് ശരിവച്ചിരുന്നു. കെജ്രിവാള്‍ ഒമ്പത് സമന്‍സുകള്‍ ഒഴിവാക്കുകയും അന്വേഷണത്തില്‍ ചേരാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. 2021-22 ലെ ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് ഇഡി ആരോപണം. അദ്ദേഹത്തിന്റെ മറ്റ് സഹപ്രവര്‍ത്തകരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരും ഇതേ കേസില്‍ ജയിലിലാണ്. ഈ മാസം ആദ്യം, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടിയതിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഏപ്രില്‍ 29 ന് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും.

Top