ഇലന്തൂര്‍: പത്തനംതിട്ടയില്‍ വ്യാപകമായി മോഷണം നടത്തിയിരുന്ന മോഷ്ടാവ് പിടിയില്‍. നാട്ടുകാര്‍ മുത്തെന്ന് വിളിക്കുന്ന ഇലന്തൂര്‍ പരിയാരം സ്വദേശി സുജിത്താണ് പോലീസിന്റെ വലയിലായത്. വാഴക്കുല, വിറക്, പമ്പ് സെറ്റ്, ഡെസ്‌ക്, കസേര തുടങ്ങി കയ്യില്‍കിട്ടിയതെല്ലാം മുത്ത് മോഷ്ടിക്കും. മദ്യം വാങ്ങാന്‍ പണം കണ്ടെത്തുന്നതിനായാണ് സുജിത്ത് മോഷണം നടത്തിയതെന്ന് ആറന്‍മുള എസ്‌ഐ അലോഷ്യസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പരിയാരം സ്വദേശി മഞ്ജുവിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് ഡെസ്‌കുകള്‍ മുത്ത് മോഷ്ടിച്ച് കൊണ്ടുപോയി. ഇനി വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ആറന്മുള പൊലീസ് മുത്തിനെ പൊക്കി. മോഷണ മുതല്‍ നാട്ടില്‍ തന്നെയുള്ള പഴയ സാധനങ്ങളെടുക്കുന്ന കടയിലായിരുന്നു വിറ്റിരുന്നത്. ചില മോഷണങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഇയാള്‍ പറയുന്നുണ്ട്. മുത്തിന്റെ കൂട്ടാളികളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.