നാദാപുരം: ഗർഭിണിയായ ഭാര്യയെ കുത്തിപ്പരുക്കേൽപ്പിച്ച് ഭർത്താവ്. കോഴിക്കോട് കല്ലാച്ചി ചിയ്യൂരിലാണ് സംഭവം. നരിപ്പറ്റ സ്വദേശി ഷംന ( 28) യെയാണ് ഭർത്താവ് ഫൈസൽ കുത്തി പരുക്കേൽപ്പിച്ചത്.
സ്വത്താവശ്യപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കുമായിരുന്നു. ഷംനയുടെ പേരിലുള്ള സ്വത്ത് തൻ്റെ പേരിലേക്ക് മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ടാണ് മർദ്ദിച്ചിരുന്നതെന്ന് ഷംനയുടെ സഹോദരൻ ഷംനാദ് പറഞ്ഞു.
ALSO READ:കാസര്‍കോട് അനിയന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍
തിങ്കളാഴ്ച വൈകുന്നേരം ഫൈസലിൻ്റെ വീട്ടിൽ വെച്ചുണ്ടായ വാക്കുതർക്കത്തിൽ ഷംനയെ അക്രമിക്കുകയായിരുന്നു. ഇടത് കൈയ്യുടെ ചുമലിനും വയറിനും കുത്തേറ്റ ഷംന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ് വീടിന് പുറത്തേക്ക് ഓടിയ ഷംനയെ അത് വഴി കടന്ന് പോയ ടാക്സി ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്.
യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് വധശ്രമത്തിന് കേസെടുത്തു. അക്രമത്തിന് ശേഷം ഒളിവിൽ പോയ ഫൈസലിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.