മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ147 റൺസെന്ന ചെറിയ ലക്ഷ്യത്തിനു മുന്നിലും തകർന്നടിഞ്ഞ് ഇന്ത്യ. 25 റൺസിന് ഇന്ത്യയെ തകർത്ത് ന്യൂസിലൻഡ് പരമ്പര തൂത്തുവാരി. 29.1 ഓവറിൽ 121 റൺസെടുക്കുന്നതിനിടെ ഇന്ത്യ ഓൾ ഔട്ടാകുകയായിരുന്നു. അതേസമയം സ്വന്തം നാട്ടിൽ നടന്ന പരമ്പരയിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാർ സമ്പൂർണ തോൽവിക്ക് വഴങ്ങുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് കീവീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്കോർ -ന്യൂസിലൻഡ് 235, 174. ഇന്ത്യ -263, 121.
തോൽവിക്ക് നിന്നുകൊടുക്കാതെ ഒരറ്റത്ത് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പൊരുതിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. അജാസ് പട്ടേലിന്‍റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ അപ്പാടെ തകർത്തത്. രണ്ടു ഇന്നിങ്സുകളിലുമായി 11 വിക്കറ്റാണ് താരം നേടിയത്. 57 പന്തിൽ 64 റൺസെടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. പന്തടക്കം മൂന്നു പേർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. മുൻനിര ബാറ്റർമാരെല്ലാം വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ജയിക്കാവുന്ന മത്സരവും ഇന്ത്യ ന്യൂസിലൻഡിനു മുന്നിൽ അടിയറവെക്കുകയായിരുന്നു.
Also Read :‘ജഡേജക്ക് ഇനി അല്പം ജാഡ ഒക്കെ ആവാം’..12 വർഷത്തെ കരിയറിൽ ആദ്യം
കാലിടറി..
ഓപ്പണർമായ യശസ്വി ജയ്സ്വാൾ (16 പന്തിൽ അഞ്ച്), രോഹിത് ശർമ (11 പന്തിൽ 11), ശുഭ്മൻ ഗിൽ (നാലു പന്തിൽ ഒന്ന്), വിരാട് കോഹ്ലി (ഏഴു പന്തിൽ ഒന്ന്), സർഫറാസ് ഖാൻ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായത്. ഒരറ്റത് പന്ത് ചെറുത്തുനിന്നത് ഇന്ത്യക്ക് ഒരുഘട്ടത്തിൽ വിജയപ്രതീക്ഷ നൽകിയെങ്കിലും താരം പുറത്തായതാണ് ഏറെ തിരിച്ചടിയായത്. രവീന്ദ്ര ജഡേജ (22 പന്തിൽ ആറ്), വാഷിങ്ടൺ സുന്ദർ(25 പന്തിൽ 12), ആർ. അശ്വിൻ (29 പന്തിൽ എട്ട്), ആകാശ് ദീപ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.29 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.
Also Read : യഹ്‌യ സിന്‍വാർ, താങ്കൾ മരിക്കുന്നില്ല.. നേതാവിന്റെ ‘സ്റ്റൈലിൽ’ ഗോൾനേട്ടം ആഘോഷിച്ച് പലസ്തീൻ താരം
ഹെൻറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. ഗ്ലെൻ ഫിലിപ്സ് മൂന്നു വിക്കറ്റും മാറ്റ് ഹെൻറി ഒരു വിക്കറ്റും നേടി. ഗില്ലും കോഹ്ലിയും അജാസ് പട്ടേലിന്റെ പന്തിൽ പുറത്തായി. ജയ്സ്വാളിനെ ഫിലിപ്സ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. പിന്നാലെയെത്തിയ സര്‍ഫറാസ് ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ പട്ടേലിന്‍റെ പന്തിൽ രചിൻ രവീന്ദ്രക്ക് ക്യാച്ച് നൽകി മടങ്ങി. ഇന്ത്യൻ ടീമിന്റെയും, ആരാധകരുടെയും ഉള്ളിൽ പോറൽ വീഴ്ത്തിയ തോൽവി തന്നെയാണിതെന്ന് ഉറപ്പിച്ചു പറയാനാകും.