ആത്തച്ചക്കയുടെ കുടുംബത്തില്‍, ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന പഴമാണ് സീതപ്പഴം. പരമാവധി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തില്‍ നിറയെ ശാഖകള്‍ ഉണ്ടായിരിക്കും. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്. പാലക്കാട് ജില്ലയിലും മലബാര്‍ മേഖലയിലും ഇതിനു സീതചക്കപ്പഴം എന്നും പേരുണ്ട്. ഇതിന്റെ അകത്തെ കുരുവിന്റെയും മാംസള ഭാഗവും ചക്കയോട് സാദൃശ്യം ഉള്ളതിനാലാവണം ഈ പേര് വരാന്‍ കാരണം. നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ലഭ്യമാവുന്ന ഒരു സീസണല്‍ പഴം കൂടിയാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ അല്ലെങ്കില്‍ ഷുഗര്‍ ആപ്പിള്‍ എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന സീതപ്പഴം. ഈ പഴത്തിന് കട്ടിയുള്ള പുറംതൊലിയാണ് ഉള്ളതെങ്കിലും ഇതിനുള്ളിലെ മാംസളമായ ഭാഗത്തിന് തേന്‍ മധുരമാണ്. ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലാണ് ഇത് ഏറ്റവും വ്യാപകമായി കൃഷി ചെയ്തുവരുന്നത്.
ഈ പഴത്തില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനായി സഹായിക്കുന്നു. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും നമ്മുടെ ഹൃദയത്തെ ആരോഗ്യപൂര്‍വ്വം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
അതുമാത്രമല്ല, ഇത് നമ്മുടെ രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. സീത പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ചര്‍മ്മത്തെയും മുടിയിഴകളെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നു. ഈ പഴം കണ്ണുകള്‍ക്ക് ഏറ്റവും നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദഹനക്കേടുകളെ പരിഹരിക്കാനും ഇത് മികച്ച രീതിയില്‍ ഫലം ചെയ്യുമെന്ന് പറയപ്പെടുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന കോപ്പറിന്റെ സാന്നിധ്യം മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും വയറിളക്കവും ഛര്‍ദ്ദിയുമെല്ലാം ഇല്ലാതാക്കിക്കൊണ്ട് ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കി തീര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവയില്‍ മഗ്‌നീഷ്യത്തിന്റെ അളവ് ഉയര്‍ന്ന നിലയിലായതിനാല്‍ ഇവ നമ്മുടെ ശരീരത്തില്‍ ജലാംശത്തെ സന്തുലിതമായി നിലനിര്‍ത്തുന്നു. ഇതുവഴി സന്ധികളില്‍ നിന്ന് ആസിഡുകളെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളില്‍ അനുഭവപ്പെടുന്ന ബലഹീനതകള്‍ക്കെതിരെ പോരാടാന്‍ സഹായിക്കുന്നവയാണ്. വിളര്‍ച്ച ബാധിച്ച ആളുകള്‍ക്ക് സീതപ്പഴം ഏറ്റവുമധികം നല്ലതാണ്. അതിനു കാരണം ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന കലോറിയുടെ സാന്നിധ്യമാണ്. നിങ്ങള്‍ മെലിഞ്ഞവരും ശരീരഭാരം കുറഞ്ഞവരുമാണെങ്കില്‍, ശരീരഭാരം വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ ദിവസവുമുള്ള ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ മതി. സീതപ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാരയുടെ സാന്നിധ്യമുള്ളതിനാല്‍ പോഷക സമൃദ്ധമായ ഒരു ലഘു ഭക്ഷണമായി ഇത് കണക്കാക്കാവുന്നതാണ്.