സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് നീണ്ട മനോഹരമായ നഖങ്ങള്‍. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. നീട്ടി വളര്‍ത്തി പല നിറങ്ങളില്‍ നെയില്‍പോളീഷ് ഇട്ട്, നെയില്‍ ആര്‍ട്ട് ചെയ്തു മനോഹരമാക്കിയ നഖങ്ങള്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടികള്‍ ഏറെയാണ്. പക്ഷെ ഇത്തരക്കാരെ നിരാശപ്പെടുത്തുന്ന ഒന്നാണ് അകാരണമായി നഖം പൊട്ടിപ്പോകുന്നു എന്നത്. എന്നാല്‍ നഖം പൊട്ടുന്നതിനു പിന്നില്‍ നാം നിസാരം എന്ന് കരുതുന്ന പല കാരണങ്ങളും ഉണ്ടെന്നതാണ് വാസ്തവം. നഖങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്നത് കരള്‍ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു. ഇനി ഇതല്ല കാരണമെങ്കില്‍ മനസിലാക്കുക, നിത്യജീവിതത്തില്‍ നാം സ്ഥിരമായി എടുത്ത് പെരുമാറുന്ന പലവസ്തുക്കളുമാകാം വില്ലനാകുന്നത്.
കോവിഡ് വന്നു പോയ ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ സാനിറ്റൈസറിന്റെ അമിതമായ ഉപയോഗം ദോഷം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ നഖത്തിന്റെ ബലം ഇല്ലാതാക്കുന്നു. അതിനാല്‍ തന്നെ നീട്ടിവളര്‍ത്താന്‍ ശ്രമിക്കുന്ന നഖം എളുപ്പത്തില്‍ ഒടിഞ്ഞു പോകുകയും ബലം കുറഞ്ഞു കീറുകയും ചെയ്യുന്നു. ഗുണമേന്മയുള്ള സാനിറ്റൈസര്‍ മാത്രം ഉപയോഗിക്കുക, അമിതമായി ഉപയോഗിക്കാതിരിക്കുക എന്നതെല്ലാമാണ് പ്രധാന പോംവഴി.
മുടിയിലെ അഴുക്ക് കളയാന്‍ വേണ്ടി ഷാംപൂ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും, അപ്പോള്‍ കൈകളും നഖവും ഷാംപൂവുമായി സമ്പര്‍ക്കത്തില്‍ വരുന്നു. ഷാംപൂവില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ നഖങ്ങള്‍ വരണ്ടതാക്കുന്നു. വരണ്ട നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടുകയും ചെയ്യുന്നു. ഷാംപൂ ഉപയോഗിക്കുമ്പോള്‍ കയ്യുറകള്‍ ധരിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
നിരന്തരം സോപ്പ്, ഹാന്‍ഡ്വാഷ് എന്നിവ കൊണ്ട് കൈകള്‍ കഴുകുന്നത് ചര്‍മ്മവും നഖവും മൃദുവാക്കുന്നു. ഇതും നഖത്തിന് ദോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഒടിയാനുള്ള ചാന്‍സ് കൂടുതലാണ് .ഇടയ്ക്കിടെ കൈ കഴുകുന്ന പ്രകൃതക്കാരാണ് എങ്കില്‍ കൈ കഴുകിയ ശേഷം തുടച്ച് ഉണക്കുക. കൈയില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കുക. നഖം പൊട്ടിപോകുന്നത് തടയാനായി ഒലിവ് ഓയില്‍ മസാജ് നല്ലതാണ്. ദിവസവും കൈകള്‍ ഒലിവ് ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നത് നഖങ്ങള്‍ ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും. ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നതും നഖങ്ങള്‍ക്ക് ഗുണകരമാണ്. ഇത് നഖങ്ങള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കും. റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടി പത്ത് മിനുട്ട് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകി കളയുന്നതും മികച്ച ഫലം നല്‍കും. ഇനി ഇതൊക്കെ ചെയ്തിട്ടും ഫലം കാണുന്നില്ലെങ്കില്‍ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ള പയർ വര്‍ഗങ്ങള്‍, ആഴക്കടല്‍ മത്സ്യങ്ങള്‍, മുട്ട എന്നിവ കൂടുതലായി കഴിക്കാം. ഇത്തരം പൊടിക്കൈകള്‍ ധാരാളം ഉണ്ടെങ്കിലും ഒരു ആരോഗ്യവിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്.