തിരുവനന്തപുരം: മണ്ഡലകാലത്തിന് ആരോഗ്യവകുപ്പ് വിപുലമായ സംവിധാനങ്ങള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്.
എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.