തിരുവനന്തപുരം; രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളുടെ പ്രവര്‍ത്തന സമയം ഉറപ്പാക്കണമെന്നും ആശുപത്രികള്‍ പൂട്ടിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവനക്കാര്‍ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 2000ത്തോളം ജീവനക്കാരാണ് സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫര്‍ ചെയ്യരുതെന്നും മന്ത്രി വീണജോർജ്ജ് നിർദേശം നൽകി.
ഇത് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളേയും ചികിത്സയേയും ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ തന്നെ അനധികൃതമായി വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തി രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കുകയാണ് സര്‍ക്കാര്‍ നയം. ആര്‍ദ്രം മിഷനിലൂടെ ചികിത്സാ സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.