ഒരു വ്യക്തിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയുമൊക്കെ ഉണ്ടാകുന്നത് വീടുകളിൽ നിന്നാണ്. വീടുകളിലെ ശീലങ്ങളും അതുപോലെ വ്യത്തിയുമൊക്കെ ഇതിൻ്റെ പ്രധാന ഘടകങ്ങളാണ്. വീടിനുള്ളിലെ വായു, ആരോഗ്യകരമായ ഭക്ഷണശൈലി എന്നിവയൊക്കെ ദീർഘനാൾ നല്ല ആരോഗ്യത്തോടെയും ഫിറ്റായുമിരിക്കാൻ എല്ലാവരെയും സഹായിക്കാറുണ്ട്. എന്നാൽ ചിലർക്ക് സ്ഥിരമായി രോഗം വരുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ചില കാരണങ്ങളുമുണ്ടാകാം. വീട് വൃത്തിയായി സൂക്ഷിച്ചാൽ മാത്രം പോരാ വ്യത്തിയാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളും ഇടയ്ക്കൊക്കെ ശ്രദ്ധിക്കണം. ഇതിൽ പ്രധാനിയാണ് അടുക്കളയിലെ പാത്രം കഴുകുന്ന സ്പോഞ്ച്.
അടുക്കളയിൽ പാത്രം കഴുകുന്ന സ്പോഞ്ചിനുള്ളിൽ ധാരാളം ബാക്ടീരിയകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. കൃത്യസമയത്ത് സ്പോഞ്ചിനെ മാറ്റുകയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും തരത്തിലുള്ള പകരമൊരു ഉപകരണം ഉപയോഗിക്കുകയോ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ് ഇത് കൃത്യമായി മാറ്റേണ്ടത്. പുതിയ പഠനം അനുസരിച്ച് സ്പോഞ്ചുകളിൽ കാണപ്പെടുന്ന ബാക്ടീരിയകളുടെ എണ്ണം ബാത്ത്റൂമുകളിലേക്കാൾ കൂടുതലാണെന്നാണ് പറയുന്നത്.
ഒരു ക്യുബിക് സെൻ്റിമീറ്ററിൽ 54 ബില്ല്യൺ ബാക്ടീരിയകൾ വരെ ഉൾക്കൊള്ളുന്നുണ്ട്. ഈ സ്പോഞ്ചുകൾ ഉപയോഗിച്ച് കഴുകുന്നതെല്ലാം അവ മലിനമാക്കും. ഇതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്. മാത്രമല്ല കോഴിയിറച്ചികളിൽ നിന്നും മറ്റും സാൽമൊണെല്ല ബാക്ടീരിയൻ ഈ സ്പോഞ്ചുകളിലുണ്ടാകും.