CMDRF

ഉഷ്ണതരംഗവും ചൂടും വരും വര്‍ഷങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യത; ഐഐടിഎം

ഉഷ്ണതരംഗവും ചൂടും വരും വര്‍ഷങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യത; ഐഐടിഎം
ഉഷ്ണതരംഗവും ചൂടും വരും വര്‍ഷങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യത; ഐഐടിഎം

പത്തനംതിട്ട: കേരളത്തില്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വര്‍ഷങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് പഠനങ്ങള്‍. ചൂട് കൂടുന്ന സാഹചര്യം കേരളം ഗൗരവമായി കാണേണ്ടതാണെന്ന് പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരിയോളജി (ഐഐടിഎം) പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. ചൂട് ഓരോ വര്‍ഷവും കൂടി വരുന്നതിനാല്‍ കടല്‍ ഇനി തണുക്കാനുള്ള സാധ്യത കുറവാണെന്നും പറയുന്നു.

വര്‍ഷത്തില്‍ 20 ദിവസം മാത്രമാണ് നിലവില്‍ കടല്‍ത്താപനില പരിധിവിട്ട് ഉയരുന്നത്. എന്നാല്‍ കരയില്‍ നിന്നുയരുന്ന താപമത്രയും ഏറ്റുവാങ്ങുന്നതു കടലായതിനാല്‍ സ്ഥിതിഗതികള്‍ മാറി മറിയും. അറബിക്കടലിന്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിക്ക് താഴെയാണ്. അത് 30.7 ഡിഗ്രി വരെയായി ഉയരാം. സമുദ്രതാപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാല്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിക്കും. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല.

ചൂടു കൂടുന്നതോടെ കടല്‍ തിളച്ചുതൂവുന്ന കള്ളക്കടല്‍ പ്രതിഭാസം കേരളം ഉള്‍പ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടല്‍ കയറി വരുന്നതോടെ തീരത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്‌ക്കേണ്ട സ്ഥിതി സംജാതമാകും. ഓരോ സെക്കന്‍ഡിലും ഒരു അണുബോംബ് പൊട്ടുന്നത്ര തീവ്രമാണ് ചൂടില്‍ നിന്നുണ്ടാകുന്ന താപോര്‍ജമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരിയോളജിയിലെ ഡോ. റോക്‌സി മാത്യു കോള്‍ പറയുന്നു.

തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അത് അതിശക്ത ചുഴലിക്കാറ്റായി മാറാന്‍ തക്കവിധത്തില്‍ കടല്‍ ചൂടായി കിടക്കുന്നു. പവിഴപ്പുറ്റുകളും മറ്റും ചീഞ്ഞ് നിറം മാറുന്ന പ്രവണത ഇപ്പോള്‍ തന്നെ കാണപ്പെടുന്നു. ഇതു മത്സ്യസമ്പത്തിനെ സാരമായി ബാധിക്കും. ചൂട് ഏറുന്നതോടെ മത്സ്യങ്ങള്‍ ആഴത്തിലേക്കു പോകും. കടല്‍ ജലത്തിന്റെ പിഎച്ച് മൂല്യം കുറയുന്നതുമൂലം അമ്ലത്വം വര്‍ധിക്കും. ഇതും കടലിന്റെ ആവാസ വ്യവസ്ഥയെയും ഓക്‌സിജന്‍ ഉല്‍പ്പാദനത്തെയും ബാധിക്കും.

Top